വിരമിച്ചെങ്കിലും വിളിപ്പുറത്തുണ്ട് സൈമൺ

By Web TeamFirst Published Nov 28, 2018, 10:16 PM IST
Highlights

 സർവീസിൽ നിന്ന് വിരമിച്ച ശേഷം കടന്നല്‍ കൂടു നീക്കം ചെയ്യുന്നതിനായി വനം വകുപ്പും അഗ്നിശമന സേനയും പോലീസും ഉൾപ്പടെയുള്ളവർ സൈമണിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.

തിരുവനന്തപുരം: പത്തായ കടന്നല്‍ എന്ന് കേട്ടാല്‍ തന്നെ ഭയം ഉണരും. എന്നാല്‍ വണ്ടന്നൂർ നരസിംഹത് വീട്ടിൽ ആർ. സൈമൺ പത്തായ കടന്നല്‍ എന്ന് കേട്ടാല്‍ പാഞ്ഞെത്തും. പതിനൊന്ന് വര്‍ഷമായി അഗ്നിശമന സേനയില്‍ നിന്ന് സൈമണ്‍ വിരമിച്ചെങ്കിലും ഇപ്പോഴും  ഭീമൻ കടന്നലുകളുടെ ഭീഷണിയുണ്ടെന്നറിഞ്ഞാല്‍ സൈമണ്‍ എത്തിയിരിക്കും. 

'പത്തായ' കടന്നൽ എന്നും 'അറ' കടന്നൽ എന്നും വിളിപ്പേരുള്ള ഭീമൻ കടന്നലുകൾ മനുഷ്യ ജീവന് ഭീഷണിയുള്ള അപകടകാരികളാണ്. കെട്ടിടങ്ങളുടെ സൺ ഷെയ്ഡിന് അടിയിലും ഷീറ്റുകൾക്കടിയിലും മരശിഖരങ്ങളിലും കഴുത്തു കെട്ടിയ വലിയ ചാക്ക് തൂക്കിയിട്ടേക്കുന്നതു പോലെയോ മരങ്ങളിലെ വലിയ കായ്‌ഫലമാണെന്നോ തോന്നിക്കുന്ന രീതിയിൽ തീർക്കുന്ന കൂടുകൾ ദൂരകാഴ്ചയിൽ അത്യാകര്‍ഷകമാണെങ്കിലും അതിനുള്ളിലെ ആയിരകണക്കിന് വരുന്ന കടന്നലുകൾ ഏതു നിമിഷവും അക്രമണകാരികളാകുമെന്ന് സൈമൺ പറയുന്നു. 

പരുന്ത് ഇവയുടെ കൂടുകള്‍ കണ്ടാൽ കൊത്തി പൊട്ടിക്കും അല്ലെങ്കില്‍ ശിഖരങ്ങൾ ഒടിഞ്ഞു വീഴുമ്പോഴോ ഇവ പൊട്ടി നിലംപതിക്കും.  അങ്ങനെ സംഭവിച്ചാൽ ഒരു പ്രദേശത്താകെ ഇവ കൂട്ടത്തോടെ പറന്ന് ആക്രമണം നടത്തും. ഇവരുടെ ആക്രമണത്തിൽ ഓടി രക്ഷപ്പെടുകയെന്നാല്‍ ഏറെ പ്രയാസമാണ്. കാട്ടാക്കട താലൂക്കിൽ  വണ്ടന്നൂരിൽ  നിലാവ്  സർവീസ് സ്റ്റേഷന് സമീപം കൂറ്റൻ ആഞ്ഞിലി മരത്തിലെ ഭീമൻ കടന്നൽ കൂട് നാട്ടുകാർക്ക് ഭീഷണിയാണെന്നറിഞ്ഞ് സൈമണ്‍ എത്തി. രാത്രിയുടെ മറവില്‍ തന്‍റെ പതിനയ്യായിരത്തി അഞ്ഞൂറാമത്തെ കടന്നൽ കൂട് അങ്ങനെ നീക്കം ചെയ്തെന്ന് സൈമൺ പറയുന്നു.  

മറ്റു രക്ഷാപ്രവർത്തനങ്ങൾ ഒക്കെ ഏതു സമയത്തും നടത്തുമെങ്കിലും കടന്നലുകളെ തുരത്താൻ സന്ധ്യ മയങ്ങണം. പകൽ സമയം ഇവയെ നീക്കം ചെയ്യാൻ ശ്രമിച്ചാൽ കടന്നലുകൾ കൂട്ടത്തോടെയെത്തി ആക്രമണം നടത്തും. സൂര്യാസ്തമനം കഴിഞ്ഞാൽ എല്ലാം കൂടണയുന്നതു കാരണം ഇവയെ മുഴുവനായി കൂട്ടിനുള്ളിൽ തന്നെ കിട്ടും. പിന്നീട് പ്രത്യേക രാസവസ്തു കൂട്ടിൽ തളിച്ച ശേഷം ഇവയെ കൂട്ടത്തോടെ നീക്കം ചെയ്യും. എന്നാൽ ഈ രീതികൾ അവലംബിക്കാതെ പലരും കടന്നലുകൾ തുരത്താൻ ശ്രമിക്കുന്നത് ഏറെ അപകടം ക്ഷണിച്ചുവരുത്തുമെന്ന് സൈമൺ മുന്നറിയിപ്പ് നൽകുന്നു. 

സ്വകാര്യ പുരയിടങ്ങളിലും വീടുകളിലും കൂടാതെ രാജ് ഭവൻ, സെക്രട്ടേറിയറ്റ്, എംഎൽഎ ഹോസ്റ്റൽ, വിമാനത്താവളം, നന്ദാവനം  പോലീസ് ക്യാമ്പ്, മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള ആശുപത്രികളിലുമെല്ലാം സൈമണിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സർവീസിൽ നിന്ന് വിരമിച്ച ശേഷം കടന്നല്‍ കൂടു നീക്കം ചെയ്യുന്നതിനായി വനം വകുപ്പും അഗ്നിശമന സേനയും പോലീസും ഉൾപ്പടെയുള്ളവർ സൈമണിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. മൂന്നാമത്തെ മകൻ  രാജ്‌കുമാർ ഉൾപ്പടെ രണ്ടു സഹായികളും ഇപ്പോള്‍  സൈമണിനെ സഹായിക്കുവാനുണ്ട്. കടന്നലിനെ നീക്കം ചെയ്യാൻ വിളിക്കുന്നവർ അവശ്യമായ സാമഗ്രികൾ വാങ്ങുന്നതിനും ഇവ എത്തിക്കുന്നതിനുള്ള വാഹന കാശും നൽകാറുണ്ട്. അടുത്ത കാലത്ത് ചെറിയൊരു അപകടത്തിൽ പരിക്ക് പറ്റിയതിനാൽ കിണറ്റിൽ ഇറങ്ങിയും മരത്തിൽ കയറിയുമുള്ള രക്ഷാപ്രവർത്തനത്തിന് ഇപ്പോൾ നേതൃത്വം നൽകുകമാത്രമേ ചെയ്യുന്നുള്ളൂ.

 

എൺപത്തി അഞ്ച് മുതൽ രണ്ടായിരത്തി ഏഴുവരെ അഗ്നിശമനസേനയുടെ ഭാഗമായി തിരുവനന്തപുരം, പൊന്നാനി, കോട്ടയം തുടങ്ങി വിവിധ ഇടങ്ങളിൽ ജോലി നോക്കിയിരുന്ന സൈമണ് രക്ഷപ്രവർത്തനം ഒരു ജോലി മാത്രമായിരുന്നില്ല. അക്ഷരാർത്ഥത്തിൽ സേവന മനസോടെ തന്നെയാണ് ഓരോ വിളി വരുമ്പോഴും സൈമൺ ഇറങ്ങുന്നത്. അയ്യനാർ സമുദായത്തിൽ നിന്നും വിരമിക്കുന്നതുവരെയും മറ്റാരും ഈ ജോലി നോക്കിയിരുന്നില്ലെന്നും സൈമണ്‍ പറയുന്നു. പെരുമൺ ദുരന്തത്തിലും  സുനാമി ദുരന്തത്തിലും രക്ഷാപ്രവർത്തനത്തിൽ ഇരുപത്തിനാലു മണിക്കൂറും സൈമൺ കർമ്മനിരതനായിരുന്നു. ഇതിനോടകം ഇരുനൂറിലധികം ജീവനുകളെ കൈപിടിച്ച് ജീവിതത്തിലേക്കു കയറ്റി. ഇതിൽ ഏറെയും കിണറ്റിൽ അകപ്പെട്ടവരെയാണ് രക്ഷപ്പെടുത്തിയിരുന്നത്. 

ജീവവായു ശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ആഴമേറിയ കിണറുകളിൽ ഇറങ്ങാൻ സൈമണിന് ഓക്സിജൻ സിലിണ്ടറിന്റെ ആവശ്യമില്ല.  ഇപ്പോഴും രക്ഷാപ്രവർത്തനത്തിന് കിണറുകളിൽ ഇറങ്ങുമ്പോൾ രണ്ട് ബക്കെറ്റ് വെള്ളം കിണറ്റിലേക്ക് ഒഴിക്കുന്ന സമയം കിട്ടുന്ന ജീവവായു മതി സൈമണിന് കിണറ്റിൽ അകപ്പെട്ടവരെയും കൊണ്ട് പുറത്തെത്താൻ. കിണറ്റിലും മറ്റും അകപ്പെടുന്ന ജന്തുക്കളെയും പക്ഷികളെയും ഇത്തരത്തിൽ രക്ഷിച്ചെടുത്തിട്ടുണ്ട്. ടവറുകളും മരങ്ങളുടെ മുകളിലും കുടുങ്ങിയവരെയും രക്ഷിച്ചെടുത്തതിന് കണക്കില്ല.  

പൊൻ‌മുടിയിൽ ആയിരത്തി അഞ്ഞൂറടി താഴ്ച്ചയിൽ വീണയാളെ കണ്ടെത്താൻ ഇറങ്ങിയതാണ് ഏറ്റവും കഠിനമെന്ന് സൈമൺ ഓർക്കുന്നു. അന്ന് ഒപ്പം ഇറങ്ങാൻ ആരും ഉണ്ടായിരുന്നില്ല. ഒടുവില്‍ അന്നത്തെ വിതുര എസ് ഐയാണ് തനിക്കൊപ്പം ഇറങ്ങി ശരീരം കണ്ടെടുക്കാൻ ധൈര്യപ്പെട്ടത്. സർവീസിൽ ഇരിക്കുമ്പോഴും അല്ലാതെയും നെയ്യാർ മുതൽ കല്ലട ആറ്റിൽ വരെ അകപ്പെട്ടവരെ കണ്ടെത്താനും സൈമൺ എത്തും. സൈമണ്‍ മുങ്ങി തപ്പിയാൽ കിട്ടാത്ത മൃതദേഹങ്ങളില്ലെന്ന് സേനയിലൊരു ചൊല്ലി തന്നെ ഉണ്ടായിരുന്നു.  

കൊല്ലം പട്ടത്താനം ക്ഷേത്രത്തിലെ അമ്പല കാള കിണറ്റിൽ വീണപ്പോൾ രക്ഷപ്പെടുത്തിയതിൽ ക്ഷേത്ര കമ്മിറ്റി  വാളും പരിചയും പൊന്നാടയും നൽകി ആദരിച്ചു. കൊല്ലം റോട്ടറി ക്ലബിന്‍റെ ആദരവും ലഭിച്ചിട്ടുണ്ട്. എന്നാൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടും നേരിട്ട ദുരനുഭവങ്ങളും അവഗണയും ഒക്കെ, രക്ഷപ്പെടുന്നവരുടെയും അവരുടെ ഉറ്റവരുടെയും വാക്കുകൾ കേൾക്കുമ്പോൾ അലിഞ്ഞു പോകുമെന്ന് സൈമൺ പറയുന്നു.

സൈമണ്‍ -  വാസന്തി ദമ്പതികൾക്ക് ആറുമക്കളാണ്  ലത, ഷീബ, രാജ്‌കുമാർ, അഞ്ജലി, കിരൺ, ശാലു. സുരക്ഷാപ്രവർത്തനം കൂടാതെ വീട്ടുവളപ്പിൽ വാഴകൃഷും പച്ചക്കറി കൃഷിയും സൈമൺ ചെയ്തുവരുന്നു. സൈമാന്റെ സേവനം ആവശ്യമുള്ളവർ 8281571534 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് . 

click me!