
മലപ്പുറം: മൊബൈല്‍ ഫോണ്‍ കട കുത്തിത്തുറന്ന് മോഷണം നടത്തിയ അന്തര്‍ സംസ്ഥാന പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ വളാഞ്ചേരി പൊലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി രാകേഷ് ഷായെയാണ് (23) പൊലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി ബസ് സ്റ്റാന്‍ഡിന് സമീപം പെരിന്തല്‍മണ്ണ റോഡില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ കട കുത്തിത്തുറന്ന് സര്‍വിസിന് എത്തിച്ച 60 ഓളം മൊബൈല്‍ ഫോണുകളാണ് പ്രതി മോഷ്ടിച്ചത്. ശനിയാഴ്ച പുലര്‍ച്ചയായിരുന്നു മോഷണം.
കടയുടെ ഷട്ടറും പൂട്ടുകളും പൊളിച്ചാണ് മോഷണം നടത്തിയത്. കട തുറക്കാന്‍ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. ഉടന്‍ വളാഞ്ചേരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മോഷണ വിവരം അറിഞ്ഞയുടൻ വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണം നടത്തുന്നതിനിടെ പ്രതി രാകേഷിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളില്‍ നിന്ന് പ്രതിയുടെ മുഖം സ്‌ക്രീന്‍ ഷോട്ട് എടുത്ത് പൊലീസ് അന്തര്‍ സംസ്ഥാന തൊഴിലാളികളെ കാണിച്ചു. അവരിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അങ്ങനെ ശനിയാഴ്ച പുലര്‍ച്ച മോഷണം നടത്തിയ പ്രതിയെ അതേ ദിവസം തന്നെ മണിക്കുറുകൾക്കകം വലയിലാക്കുകയും ചെയ്തു.