അംഗപരിമിതന്റെ വാഹനം മോഷ്ടിച്ച അംഗ പരിമിതനായ കൊലക്കേസ് പ്രതി അറസ്റ്റില്‍

By Web TeamFirst Published Oct 5, 2020, 9:35 AM IST
Highlights

പറ്റിച്ച് വാഹനവുമായി മുങ്ങിയ ആളെയും കാത്ത് മണിക്കൂറുകള്‍ നിന്നെങ്കിലും ആളെയും വാഹനവും കാണാത്തതിനെ തുടര്‍ന്ന് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു
 


കോഴിക്കോട്:  അംഗപരിമിതന്റെ വാഹനം മോഷ്ടിച്ച അംഗ പരിമിതനായ കൊലക്കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വടകരമടപ്പള്ളി മാളിയേക്കല്‍ അബ്ദുള്‍ ബഷീര്‍ (49) ആണ് അറസ്റ്റിലായത്. മുച്ചക്ര വാഹനവുമായി പള്ളിയില്‍ പോയ അംഗപരിമിതന്‍ മഗരിബ് നിസ്‌കാരം നടത്തുന്നതിനിടെ അവിടെ ഉണ്ടായിരുന്ന മറ്റൊരാള്‍ അത്യാവശ്യമായി എന്തോ സാധനം എടുക്കുന്നതിനായി അഞ്ച് മിനുട്ട് നേരത്തേക്ക് വാഹനം വാങ്ങി മുങ്ങുകയായിരുന്നു.

നിസ്‌കാരം കഴിയുമ്പഴേക്കും തിരിച്ചെത്തിക്കാമെന്നും പറഞ്ഞ്  വണ്ടിയുമായി പോയ ആളും അംഗ പരിമിതനായിരുന്നു. പറ്റിച്ച് വാഹനവുമായി മുങ്ങിയ ആളെയും കാത്ത് മണിക്കൂറുകള്‍ നിന്നെങ്കിലും ആളെയും വാഹനവും കാണാത്തതിനെ തുടര്‍ന്ന് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടുപരിചയം മാത്രം ഉള്ള ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല . അന്വേഷണാവസ്ഥയിലുള്ള പഴക്കം ചെന്ന കേസുകള്‍ പ്രത്യേകമായി അന്വേഷിക്കുവാന്‍ വേണ്ടി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരം പ്രത്യേകം അന്വേഷണ സംഘം അന്വേഷണം നടത്തി വരുകയായിരുന്നു. 

പെട്രോള്‍ പമ്പുകളിലും മറ്റും വന്നു പോകുന്ന ട്രൈ വീലറുകളെ പറ്റി അന്വേഷിക്കുകയും അവയുടെ നമ്പറുകള്‍ പരിശോധിക്കുകയും ചെയ്തപ്പോള്‍ സംശയം തോന്നിയ നാലു വണ്ടികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ നമ്പര്‍ പ്ലേറ്റ് മാറ്റി വാഹന ഉടമ പോലും കണ്ടാല്‍ തിരിച്ചറിയാത്ത വിധത്തില്‍ മാറ്റങ്ങള്‍ വരുത്തി, അംഗ പരിമിതനായ അബ്ദുള്‍ ബഷീര്‍ നഷ്ടപ്പെട്ട വാഹനം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് വാഹനം നഷ്ടപ്പെട്ടയാളെ കൂട്ടി കൊണ്ടു പോയി കാണിച്ച് തിരിച്ചറിഞ്ഞ ശേഷം കോഴിക്കോട് എയര്‍പോര്‍ട്ട് ഭാഗത്തുള്ള ഒരു വാടക വീട്ടില്‍ നിന്നുമാണ് ബഷീര്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുന്ദമംഗലത്ത് ഉമ്മയേയും കുട്ടിയെയും കൊന്ന ഇരട്ട കൊലപാതക കേസിലെ പ്രതിയാണ് ഇയാളെന്നും തിരിച്ചറിയുകയായിരുന്നു. വളരെ ക്രൂരമായ കൊലപാതകം നടത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് പ്രതി ഇത്തരം ഹീനമായ മോഷണം നടത്തിയതെന്നതിനാല്‍ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു  വരികയാണെന്നും പൊലീസ് വ്യക്തമാക്കി. ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. ഉമേഷ്, എസ് ഐ മാരായ ബിജിത്ത് കെ ടി, അബ്ദുള്‍ സലീം വി വി, എ എസ് ഐ ബാബു, എസ് സി പി ഒ മാരായ സജേഷ് കുമാര്‍, സുനില്‍, സി പി ഒ അനൂജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

click me!