
കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി കെട്ടിടവും പരിസരവും നഗരത്തിലെ പ്രധാന ലഹരി ഉപയോഗ - വിപണന കേന്ദ്രമായെന്ന പരാതിയെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. ജില്ലാ കളക്ടർക്കും സിറ്റി പൊലീസ് കമ്മീഷണർക്കുമാണ് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ജൂണിൽ കോഴിക്കോട് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പകൽസമയങ്ങളിൽ പോലും ഇവിടം ലഹരി ഉപയോഗിക്കുന്നവരുടെ താവളമാണ്. കാടുപോലെ വളർന്നു നിൽക്കുന്ന പുല്ലുകൾ വകഞ്ഞുമാറ്റി കെട്ടിടത്തിലേക്ക് ആരും പ്രവേശിക്കുകയില്ലെന്ന ഉറപ്പിലാണ് ലഹരിമാഫിയ ഇവിടം താവളമാക്കിയതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചും കുപ്പികളും ഇവിടെയുണ്ട്. കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിക്ക് പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്താൽ വാഹനത്തിനുള്ളിലെ സാധനങ്ങൾ കൊള്ളയടിക്കുന്ന പതിവുണ്ട്. രാത്രിയും പകലും ഇവിടം ക്രിമിനലുകളുടെ താവളമാണ്. സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നിന്നും ഇവിടെയെത്താൻ 200 മീറ്ററിലധികം ദൂരമില്ല. പുരാവസ്തു മൂല്യമുള്ള ഫാക്ടറി ഉപകരണങ്ങൾ ലഹരിമാഫിയ പൊളിച്ചു വിൽക്കുകയാണെന്നും നാട്ടുകാർ പറയുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam