
കല്‍പ്പറ്റ: ഉദ്യോഗസ്ഥ അനാസ്ഥയുടെ നേര്‍സാക്ഷ്യമായി മാറുകയാണ് വയനാട് മാനന്തവാടി കല്യോട്ട്കുന്നില്‍ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച കൂറ്റന്‍ ടാങ്ക്. ആദിവാസികള്‍ അടക്കം 500 ലധികം ഗുണഭോക്താക്കള്‍ പദ്ധതിയില്‍ നിന്നുള്ള വെള്ളത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടരവര്‍ഷം പിന്നിടുകയാണ്.
ഗുണഭോക്താക്കളില്‍ അധികവും കര്‍ഷകരും കൂലിവേലക്കാരുമാണ്. ചോദ്യം ചെയ്യാനോ, ഉന്നതങ്ങളില്‍ പരാതിപ്പെടാനോ ഇവര്‍ക്കാകില്ല എന്നതാണ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിന് കാരണം. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും രാഷ്ട്രീയക്കാര്‍ വോട്ട് വാങ്ങിയിരുന്നത് ഈ കുടിവെള്ള പദ്ധതിയുടെ പേരിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 1.28 കോടി രൂപ ചെലവിലാണ് സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്ത് 75000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കും പമ്പ് ഹൗസും പണി കഴിപ്പിച്ചത്. എന്നാല്‍ പിന്നീടുള്ള പ്രവൃത്തികളെല്ലാം മുടങ്ങിക്കിടക്കുകയാണ്.
വീടുകളിലേക്ക് നേരിട്ടും പൊതുവായും ടാപ്പുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള ജോലികള്‍ രണ്ടരവര്‍ഷത്തിലേറെയായിട്ടും തുടങ്ങിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചൂട്ടക്കടവിലുള്ള മറ്റൊരു പമ്പ് ഹൗസില്‍ നിന്ന് കല്യോട്ട്കുന്നിലെ ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നുണ്ടെങ്കിലും വിതരണം നടക്കുന്നില്ല. വീട്ടുകണക്ഷനുകള്‍ക്കായി നല്‍കുന്ന അപേക്ഷകള്‍ വാട്ടര്‍ അതോറിറ്റി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. അതേ സമയം പ്രദേശത്തുള്ള പൊതുകിണറുകളിലും മറ്റൊരു കുടിവെള്ള പദ്ധതിയില്‍ നിന്ന് സ്ഥാപിച്ച പൊതുടാപ്പുകളിലും വെള്ളമില്ലാതായതിനെ തുടര്‍ന്ന് ജല അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam