ശാന്തൻപാറയിൽ മണിയുടെ കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

By Web TeamFirst Published Aug 25, 2021, 5:26 PM IST
Highlights

ചൊവ്വാഴ്ച രാവിലെയാണ് മണിയുടെ മൃതദേഹം വീടിനകത്തുനിന്ന് കണ്ടെത്തിയത്. ചൂണ്ടലിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന ഇരുവരും മൂന്ന് മാസമായി അവിടെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 


ഇടുക്കി: ശാന്തൻപാറ ചൂണ്ടലിൽ വണ്ടൻമേട് സ്വദേശി മണി കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മണിയുടെ ഒപ്പം താമസിച്ചിരുന്ന  പ്രകാശ് ആണ് പിടിയിലായത്. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. തമിഴ്‌നാട്ടിലെ ഗുഡല്ലൂരിൽ നിന്നുമാണ് പ്രകാശിനെ
ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. 

ചൊവ്വാഴ്ച രാവിലെയാണ് മണിയുടെ മൃതദേഹം വീടിനകത്തുനിന്ന് കണ്ടെത്തിയത്. ചൂണ്ടലിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന ഇരുവരും മൂന്ന് മാസമായി അവിടെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച്ച രാത്രി മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ പണിക്കൂലി വീതം വച്ചതിനെ ചൊല്ലി തർക്കത്തിലേർപ്പെട്ടു. തുടർന്നുണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. 

വിറക് കമ്പ് കൊണ്ടുള്ള അടിയേറ്റ് മണിയുടെ തലക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ തന്ത്രപൂർവമാണ് പൊലീസ് കുടുക്കിയത്. ഫോൺ ഉപയോഗിക്കാത്ത പ്രതി പോകാൻ സാധ്യതയുള്ള തമിഴ്നാട്ടിലെ ബന്ധുവീടുകളെ കുറിച്ച് പൊലിസ് ആദ്യം തന്നെ വിവരം ശേഖരിച്ചു. 

തുടർന്ന് ഈ സ്ഥലങ്ങൾ പ്രത്യേക സ്ക്വാഡ് നിരീക്ഷിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ഗൂഡല്ലൂരിലെ ബന്ധുവീടിനു സമീപത്തുനിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

click me!