മൂന്നാർ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സോണിയ ഗാന്ധി പരാജയപ്പെട്ടു. നല്ലതണ്ണി വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചപ്പോൾ 103 വോട്ടുകൾ മാത്രം നേടി സോണിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

മൂന്നാർ: പേരിലെ കൗതുകം കൊണ്ട് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ താരങ്ങളായ നിരവധി പേരുണ്ട്. അങ്ങനെ ഒരാളുടെ തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ വാര്‍ത്തയാകുന്നത്. മൂന്നാറിൽ ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയ സോണിയ ഗാന്ധിയാണ് തോറ്റത്. കോൺഗ്രസിന്റെ സമുന്നത നേതാവിന്റെ പേര് തന്നെയായിരുന്നു ഈ സ്ഥാനാര്‍ത്ഥിയെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നതും. മൂന്നാർ പഞ്ചായത്തിലെ 16-ാം വാർഡ് നല്ലതണ്ണിയിലാണ് ബിജെപി സ്ഥാനാർഥിയായി സോണിയാ ഗാന്ധി മത്സരിച്ചത്.

വാര്‍ഡിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി മഞ്ജുള രമേഷാണ് ജയിച്ചത്. 436 വോട്ടുകളാണ് അവര്‍ നേടിയത്. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാര്‍ത്ഥി വളര്‍മതി 385 വോട്ട് നേടിയപ്പോൾ, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി സോണിയ ഗാന്ധിക്ക് 103 വോട്ടുകളാണ് ലഭിച്ചത്. പേരിലെ കൗതുകവും വാര്‍ത്തകളും ഒന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ലെന്ന് ചുരുക്കം.

ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് സോണിയ. നല്ലതണ്ണി കല്ലാറിലെ മുതിർന്ന കോൺഗ്രസ് നേതാവ് പരേതനായ ദുരെരാജിന്റെ മകളാണ് സോണിയ ഗാന്ധി. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം മകൾക്ക് ഈ പേരിട്ടത്. എന്നാൽ, ബിജെപി പ്രവർത്തകനായ സുഭാഷിനെ വിവാഹം ചെയ്തതോടെ സോണിയ ബിജെപി അനുഭാവിയായി. ഇത്തവണ സോണിയക്ക് മത്സരിക്കാനുള്ള സീറ്റും ലഭിക്കുകയായിരുന്നു.