
ഇടുക്കി: വില്ലേജ് ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഘാടനം നടക്കാത്തതോടെ പ്രതിഷേധത്തിലാണ് ഇടുക്കി മന്നാംങ്കണ്ടം, മാങ്കുളം വില്ലേജുകളിലെ ജനങ്ങള്‍. റവന്യുമന്ത്രിയുടെ തീയതി ലഭിക്കാത്തതാണ് ഉദ്ഘാടനം വൈകുന്നതിന്റെ കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രതിദിനം നൂറുകണക്കിനാളുകളാണ് മന്നാംങ്കണ്ടം വില്ലേജ് ഓഫീസില്‍ എത്തുന്നത്. സ്റ്റപ്പുകള്‍ കയറി ഒറ്റമുറി ഓഫീസിലെത്തുന്നത് പ്രായമായവര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ട് മാസം നാലുകഴിഞ്ഞു. തുറക്കണമെങ്കില്‍ റവന്യുമന്ത്രി ഉദ്ഘാടനം നടത്തണം. ഇതിന് സമയം നല്‍കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതേ സാഹചര്യം തന്നെയാണ് ദേവികുളം താലൂക്കിലെ മാങ്കുളം വില്ലേജിന്റെയും. പട്ടയ ആവശ്യത്തിനായി നിരവധി പേര്‍ സമീപിക്കുന്ന ഈ വില്ലേജ് ഓഫീസിന്റെ നിര്‍മാണം രണ്ടുമാസം മുമ്പ് കഴിഞ്ഞതാണ്. രണ്ട് വില്ലേജുകളുടെയും ഉദ്ഘാടനത്തിന് മന്ത്രിക്ക് നേരിട്ട് എത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ഓണ്‍ലൈനായെങ്കിലും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, രണ്ടാഴ്ച്ചക്കുള്ളില്‍ ഇരുഓഫീസുകളുടെയും ഉദ്ഘാടനം നടക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
ബ്ലാസ്റ്റേഴ്‌സിന്‍റെ സെലക്ഷൻ ട്രയൽ തടഞ്ഞ സംഭവം; കുട്ടികളോട് മാപ്പ് പറഞ്ഞ് പി വി ശ്രീനിജിൻ