പ്രളയത്തില്‍ മുങ്ങിയ മണ്ണില്‍ പൊന്നുവിളയിച്ച കര്‍ഷക കൂട്ടായ്മ

By Web TeamFirst Published Jul 17, 2019, 6:32 PM IST
Highlights

പാരമ്പര്യ കൃഷി രീതിയും നൂതന കൃഷി രീതിയും സംയോജിപ്പിച്ചാണ് കൃഷി. അതിനാല്‍ ഈ വാഴ കൃഷി ഏറെ വ്യത്യസ്തവും വരുമാന മാര്‍ഗവുമാണ്

മാന്നാര്‍: മനസറിഞ്ഞ് മണ്ണില്‍ അധ്വാനിച്ചാല്‍ പൊന്നുവിളയിക്കാമെന്ന് തെളിയിച്ച് കൈരളി ഫാര്‍മേഴ്‌സ് ക്ലബിന്റെ കര്‍ഷക കൂട്ടായ്മയുടെ വിജയഗാഥ. ചെന്നിത്തല പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ അഡ്‌കോസിന്റെ നേതൃത്വത്തില്‍ കൈരളി ഫാര്‍മേഴ്‌സ് ക്ലബ് അംഗങ്ങള്‍ നടത്തുന്ന ജൈവ എത്തവാഴ കൃഷിയാണ് വിളവെടുപ്പിനായി തയ്യാറെടുത്ത് നില്‍ക്കുന്നത്. പ്രളയത്തില്‍ മുങ്ങിപോയ കൃഷിയിടം ഏറെ നാളെത്തെ പരിശ്രമത്തിലൂടെയാണ് കൃഷിയിടമാക്കി മാറ്റിയത്.

ജി കെ പാലസില്‍ ഗോപാലകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ പുരയിടത്തിലാണ് ഓണത്തിന് മുമ്പ് വിളവെടുക്കാനുള്ള തയ്യാറെടുപ്പില്‍ ഏത്തവാഴകൃഷി നടത്തുന്നത്. പത്ത് പേരുടെ കൂട്ടായ്മയില്‍ സംഘം രൂപീകരിച്ചാണ് വാഴകൃഷി നടത്തുന്നത്. കൂടാതെ ഇടവിളയായി ചേന, വെണ്ട, ചീര, കുമ്പളം, കപ്പ, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍, എള്ള് എന്നീ കൃഷികളും ഇതോടൊപ്പം സമീപത്തെ മൂന്നേക്കര്‍ പാടത്ത് നെല്‍കൃഷിയും നടത്തുന്നുണ്ട്.

പാരമ്പര്യ കൃഷി രീതിയും നൂതന കൃഷി രീതിയും സംയോജിപ്പിച്ചാണ് കൃഷി. അതിനാല്‍ ഈ വാഴ കൃഷി ഏറെ വ്യത്യസ്തവും വരുമാന മാര്‍ഗവുമാണെന്ന് സെക്രട്ടറി കെ കലാധരന്‍ പറഞ്ഞു. ഏഴ് മാസം പ്രായമായ 800ാളം ഏത്തവാഴകളാണ് കൃഷിയിടത്ത് നട്ട് പരിപാലിച്ചത്. പൂര്‍ണ്ണമായി ജൈവവളമാണ് കൃഷികള്‍ക്ക് ഉപയോഗിക്കുന്നത്. രാവിലെ ആറിന് കൃഷിയിടത്തെത്തുന്ന അംഗങ്ങള്‍ കൃഷിപരിപാലനം നടത്തി പത്തിന് അവസാനിപ്പിക്കും. ഫാര്‍മേഴ്‌സ് ക്ലബ് പ്രസിഡന്റ് കെ സദാശിവന്‍പിള്ള, സെക്രട്ടറി കെ കലാധരന്‍, പഞ്ചായത്ത് പ്രസിഡന്റ് ഇ എന്‍ നാരായണന്‍, എന്‍ രാമചന്ദ്രന്‍പിള്ള, എം പി മോഹനന്‍പിള്ള, ജെ മോഹനന്‍നായര്‍, എന്‍ കെ മുരളീധരന്‍, ലേഖ സജീവ്, എന്നിവരാണ് ഈ വിജയഗാഥയുടെ പിന്നില്‍.

click me!