ഒഴുക്കിൽപ്പെട്ട് അപ്പര്‍കുട്ടനാട്ടില്‍ ചത്തത് പതിനായിരക്കണക്കിന് താറാവുകള്‍

By Web TeamFirst Published Aug 18, 2019, 12:07 PM IST
Highlights

അയ്മനം, കുമരകം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം താറാവുകള്‍ ചത്തത്. വൈക്കം ഭാഗത്ത് മത്സ്യക്കൃഷിയും വെള്ളം കയറി നശിച്ചിട്ടുണ്ട്.
 

ആലപ്പുഴ: കിഴക്കൻ മലവെള്ളത്തിന്‍റെ ഒഴുക്കില്‍പ്പെട്ട് അപ്പര്‍കുട്ടനാട്ടില്‍ ചത്തത് പതിനായിരത്തിലധികം താറാവുകൾ. ബാങ്ക് വായ്പയെടുത്ത് താറാവ് കൃഷി നടത്തിയ കര്‍ഷകരെല്ലാം എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്.

കുമരകത്ത് ആറായിരം താറാവുകളുണ്ടായിരുന്ന ലാലുമോന്റെ ആയിരം താറാവുകളാണ് രണ്ട് ദിവസം കൊണ്ട് വെള്ളമെടുത്തത്. കുട്ടിലിട്ടിരുന്ന സമയത്ത് വെള്ളം കയറിയതിനാൽ കുറേ താറാവുകൾ ഒഴുകിപ്പോയി. അവസരം മുതലാക്കി ചിലര്‍ താറാവിനെ മോഷ്ടിച്ചെന്നും ലാലുമോൻ ആരോപിക്കുന്നു.

ലാലുമോനും മറ്റ് നാല് പേരും ചേര്‍ന്ന് ബാങ്ക് വായ്പ എടുത്താണ് താറാവ് കൃഷി തുടങ്ങിയത്. കാര്‍ഷിക വായ്പയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും ഇവര്‍ക്ക് തിരിച്ചടിയാകും. അയ്മനം, കുമരകം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം താറാവുകള്‍ ചത്തത്. വൈക്കം ഭാഗത്ത് മത്സ്യക്കൃഷിയും വെള്ളം കയറി നശിച്ചിട്ടുണ്ട്.
 

click me!