മാവോയിസ്റ്റ് ആഹ്വാനം ഏശിയില്ല; കമ്പമലയില്‍ കനത്ത പോളിങ്

By Web TeamFirst Published Apr 26, 2024, 8:58 PM IST
Highlights

78.3 ശതമാനം പോളിങാണ് ബൂത്തില്‍ രേഖപ്പെടുത്തിയത്. മാവോവാദി ഭീഷണി നില നിന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് ബൂത്തില്‍ വോട്ടെടുപ്പ് നടത്തിയത്. 

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലത്തിലെ 24ആം നമ്പര്‍ ബൂത്തായ കൈതക്കൊല്ലി ഗവണ്‍മെന്‍റ് ലോവര്‍ പ്രൈമറി സ്‌കൂളില്‍ കനത്ത പോളിങ്. 78.3 ശതമാനം പോളിങാണ് ബൂത്തില്‍ രേഖപ്പെടുത്തിയത്. മാവോവാദി ഭീഷണി നില നിന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് ബൂത്തില്‍ വോട്ടെടുപ്പ് നടത്തിയത്. 1083 വോട്ടര്‍മാരുള്ള ബൂത്തില്‍ 848 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 422 പുരുഷന്‍മാരും 426 സ്ത്രീകളും ഇതില്‍  ഉള്‍പ്പെടുന്നു. പ്രദേശത്തെ  വോട്ടര്‍മാരെ വോട്ട് ചെയ്യിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ബൂത്തില്‍ രേഖപ്പെടുത്തിയ കനത്ത പോളിങെന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍ പ്രതികരിച്ചു.

വോട്ടെടുപ്പ് നടക്കാനിരിക്കെ വയനാട്ടിൽ പട്ടാപ്പകൽ മാവോയിസ്റ്റുകൾ എത്തിയിരുന്നു. മാനന്തവാടിയിലാണ് ആയുധവുമായി നാല് മാവോയിസ്റ്റുകൾ എത്തിയത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും 40 വർഷമായി ഇതുതന്നെയാണ് അവസ്ഥയെന്നും അവർ പ്രദേശവാസികളോട് പറഞ്ഞു. കമ്പമലയിലെ തൊഴിലാളികടക്കമുള്ള ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നതായിരുന്നു മാവോയിസ്റ്റുകളുടെ ആവശ്യം. മാവോയിസ്റ്റ് സംഘം എത്തിയപ്പോൾ നാട്ടുകാരിൽ നിന്ന് എതിര്‍പ്പുയര്‍ന്നു. ജനങ്ങൾ കൂടുന്ന  തലപ്പുഴ ടൗണിലേക്ക് വരണമെന്ന് നാട്ടുകാർ ഇവരോട് ആവശ്യപ്പെട്ടു. ആയുധധാരികളായ രണ്ടു പേരാണ് ചെറിയ ജംങ്ഷനില്‍ കൂടിനിന്നവരോട് സംസാരിച്ചത്. 20 മിനിട്ടോളം ഇവർ സംസാരിച്ചു. സി പി മൊയ്തീന്‍, മനോജ്, സോമന്‍ എന്നിവരാണ് എത്തിയതെന്നാണ് സൂചന. നാലാമന ആരെന്ന് വ്യക്തമായിട്ടില്ല.

രാഹുൽ ​ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: പി വി അൻവറിനെതിരെ കേസെടുത്ത് പൊലീസ്

വര്‍ഷങ്ങളായി കമ്പമല, മക്കിമല മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ട്. ഇക്കാരണത്താല്‍ പൊലീസിന്റെയും തണ്ടര്‍ ബോള്‍ട്ടിന്റെയും നിരന്തര പരിശോധന ഇവിടെ നടക്കാറുണ്ട്. കുറച്ച് മാസം മുൻപ് ഇവിടെയുള്ള വനം വികസന കോര്‍പ്പറേഷന്റെ തേയിലത്തോട്ടം ഓഫീസ് മാവോയിസ്റ്റുകളെത്തി അടിച്ചു തകര്‍ത്തിരുന്നു. മക്കിമല പ്രദേശത്ത് കൂടിയാണ് സംഘം രക്ഷപ്പെട്ടത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!