
കോഴിക്കോട്: പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ വീണ്ടും സായുധരായ മാവോയിസ്റ്റുകള്‍ എത്തി. മട്ടിക്കുന്ന് പരപ്പന്‍പാറ പുളിക്കത്തടത്തില്‍ സ്‌കറിയയുടെ വീട്ടിലാണ് നാലംഗ മാവോയിസ്റ്റുകള്‍ എത്തി ഭക്ഷ്യ വസ്തുക്കള്‍ ശേഖരിച്ച് മടങ്ങിയത്. ഉരുൾപൊട്ടലിലും കാലവർഷ കെടുതിയിലും വൻ ദുരന്തമുണ്ടായ സ്ഥലത്തിന് സമീപത്തായാണ് സംഘമെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് യൂണിഫോം അണിഞ്ഞ സംഘം പരപ്പന്‍പാറ വനാതിര്‍ത്തിയിലുള്ള സ്‌കറിയയുടെ വീട്ടിലെത്തിയത്. രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്.
രാത്രി പത്തര വരെ ഇവിടെ ചെലവഴിച്ച സംഘം ഭക്ഷണം ആവശ്യപ്പെട്ടു. തുടര്‍ന്ന് വീട്ടുകാര്‍ ഭക്ഷണം നല്‍കി. അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ ശേഖരിച്ചാണ് സംഘം മടങ്ങിയത്. വിവരം പോലീസില്‍ അറിയിച്ചാല്‍ വീണ്ടും എത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ഭീതി കാരണം വീട്ടുകാര്‍ വിവരം പുറത്തറിയിച്ചിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാവോയിസ്റ്റുകള്‍ എത്തിയ വിവരം പോലീസിനെ അറിയിച്ചത്. ആയുധങ്ങള്‍ കൈവശം വെച്ചതിനും ഭീഷണിപ്പെടുത്തിയതിനും യു എ പി എ നിയമ പ്രകാരം പോലീസ് കേസെടുത്തു.
ചന്ദ്രു, കാര്‍ത്തിക്, ലത, ജിഷ എന്നിവരാണ് സ്‌കറിയയുടെ വീട്ടില്‍ എത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ജൂലൈ 17 ന് രാത്രിയില്‍ സ്‌കറിയയുടെ വീട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഭക്ഷ്യ വസ്തുക്കള്‍ ശേഖരിച്ചാണ് മടങ്ങിയത്. അന്ന് മാവോയിസ്റ്റുകള്‍ വീട്ടിലുള്ള സമയത്തു തന്നെ പോലീസ് വിവരം അറിഞ്ഞെങ്കിലും വനപ്രദേശത്തെ വീട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവിടെ വീണ്ടും മാവോയിസ്റ്റുകള്‍ എത്തിയ സാഹചര്യത്തില്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam