തൊണ്ടര്‍നാട്ടിലെത്തിയത് മാവോയിസ്റ്റുകള്‍ തന്നെയെന്ന് സ്ഥിരീകരണം: യുഎപിഎ ചുമത്തി കേസെടുത്തു

Published : Dec 25, 2018, 10:53 PM ISTUpdated : Dec 25, 2018, 11:48 PM IST
തൊണ്ടര്‍നാട്ടിലെത്തിയത് മാവോയിസ്റ്റുകള്‍ തന്നെയെന്ന് സ്ഥിരീകരണം: യുഎപിഎ ചുമത്തി കേസെടുത്തു

Synopsis

പന്നിപ്പാട് കോളനിയിലെ കേളുവാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. പൊലീസുകാരനെ ആക്രമിക്കുമെന്ന് മാവോയിസ്റ്റുകള്‍ പറഞ്ഞതായാണ് കേളു പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. 

കല്‍പ്പറ്റ: കഴിഞ്ഞ മാസം 23 ന് മാനന്തവാടിക്കടുത്ത് തൊണ്ടര്‍നാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെത്തിയത് മാവോയിസ്റ്റുകള്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. മാവോവാദി നേതാക്കളായ ജയണ്ണ, സുന്ദരി, ഉണ്ണിമായ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കൂടാതെ മറ്റു രണ്ടു പേരും സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ തൊണ്ടര്‍നാട് പോലീസ് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. 
തൊണ്ടര്‍നാട് പന്നിപ്പാടിലാണ് ആയുധധാരികളായ മാവോവാദി സംഘമെത്തിയത്. 

പന്നിപ്പാട് കോളനിയിലെ കേളുവാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. പൊലീസുകാരനെ ആക്രമിക്കുമെന്ന് മാവോയിസ്റ്റുകള്‍ പറഞ്ഞതായാണ് കേളു പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലീസ് വെടിയേറ്റ് മാവോയിസ്റ്റുകള്‍ മരിച്ചതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മാവോയിസ്റ്റ് സംഘത്തിന്റെ സന്ദര്‍ശനം. വയനാട്ടിലെയോ സമീപ ജില്ലകളിലെയോപൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നാണ് മാവോയിസ്റ്റുകള്‍  കേളുവിനോട്  പറഞ്ഞുവെന്നാണ് മൊഴി. കേളു വീട്ടിലേക്ക് വെള്ളം ശേഖരിക്കുന്നത് വനത്തിനുള്ളിലെ ജലസ്രോതസില്‍ നിന്നാണ്.  

പൈപ്പിലൂടെ വെള്ളം വരാത്തതിനെ തുടര്‍ന്ന് പരിശോധിക്കാനായാണ് വനത്തിനുള്ളിലേക്ക് പോയത്. ഇവിടെ വെച്ചാണ് കേളുവും മാവോയിസ്റ്റുകളും കണ്ടുമുട്ടിയതെന്ന് പൊലീസ് പറയുന്നു. പട്ടാളവേഷധാരികളായ മൂന്നംഗ സംഘം അച്ഛാ എന്നാണ് കേളുവിനെ സംബോധന ചെയ്തത്. സ്ത്രീ അടക്കമുള്ള സംഘം പട്ടാളവേഷമാണ് ധരിച്ചിരുന്നത്. ഇവരുടെ കൈയില്‍ ചെറുതും വലുതുമായ രണ്ട് തോക്കുകളുമുണ്ടായിരുന്നു. ഇതിനിടെ വയനാട്ടില്‍ മാവോവാദിസംഘം വേരുറപ്പിക്കുന്നത് പൊലീസിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ഇടവിട്ടുള്ള ദിവസങ്ങളില്‍ കോളനികളിലും മറ്റും സന്ദര്‍ശിച്ച് മടങ്ങുന്നുണ്ടെങ്കിലും പൊലീസിന് ഇവരെ പിടികൂടാനാവുന്നില്ല. 

മുമ്പ് തൊണ്ടര്‍നാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാവോവാദികള്‍ പോലീസുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് തവിഞ്ഞാലിലും മാവോവാദി സംഘമെത്തിയിരുന്നു. തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിന്‍ പി.എം. അനില്‍ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ച് പോസ്റ്റര്‍ പ്രചാരണം നടത്തിയാണ് മാവോയിസ്റ്റ് സംഘം മടങ്ങിയത്. വനത്തോട് ചേര്‍ന്നുള്ള ആദിവാസി കോളനികളിലാണ് അടിക്കടി മാവോവാദികളെത്തുന്നത്. കോളനിവാസികളോട് സൗമ്യമായി പെരുമാറുന്ന ഇവരെ കുറിച്ച്  പുറത്തുപറയാന്‍ മടിക്കുന്നവരുമുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ​ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്
രാത്രി 11.20ഓടെ വലിയ ശബ്‍ദം, മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ; സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കം