
ഇടുക്കി: മറയൂർ ചന്ദനം കടത്തിൻ്റെ വഴി പോണ്ടിച്ചേരിയിലേയ്ക്കെന്ന് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. സേലത്തും അടിമാലിയിലും പിടിയിലായ ചന്ദന കടത്ത് പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മറയൂരിൽ നിന്നും പുതുച്ചേരി വരെ നീളുന്ന ചന്ദന കടത്തിൻ്റെ വഴി തെളിയുന്നത്. പുതുച്ചേരിയിൽ അനധികൃത ചന്ദനതൈല നിർമാണ ഫാക്ടറിയുണ്ടെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഒരു മാസം മുൻപ് സേലത്ത് വെച്ച് ഷെർവോരായൻ സൗത്ത് റേഞ്ചിലെ ഉദ്യോഗസ്ഥർ പിടികൂടിയ 1520 കിലോ ചന്ദനത്തേക്കുറിച്ചുള്ള അന്വേഷണത്തിലാണ് നിർണായക വിവരം ലഭിച്ചത്.
ഇതുമായി ബന്ധപ്പെട്ട് സേലം ജയിലിൽ റിമാൻറിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ കസ്റ്റഡിയിൽ വാങ്ങി മറയൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മലപ്പുറം സ്വദേശികളായ പി.പി.ഫജാസ്, ഐ.ഉമ്മർ എന്നിവരെയാണ് മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി കാന്തല്ലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. 2023 സെപ്റ്റംബർ 17-ന് അടിമാലിയിൽ വച്ച് ട്രാഫിക് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ചന്ദന തടികളുമായി മലപ്പുറം സ്വദേശികളായ മുഹമ്മദ് മുബഷിർ, റിയാസ് എന്നിവരെ പിടികൂടിയിരുന്നു. മറയൂരിൽ നിന്ന് വെട്ടിക്കടത്തിയ ചന്ദനമായിരുന്നു ഇത്.
ഇവർക്ക് ചന്ദനം വെട്ടിക്കൊടുത്ത രണ്ട് പേരേക്കൂടി കാന്തല്ലൂർ റേഞ്ച് ഉദ്യോഗസ്ഥർ പിടികൂടി. ചന്ദനം മലപ്പുറത്തേക്കാണ് കടത്തുന്നതെന്നായിരുന്നു അന്ന് കിട്ടിയ വിവരം. മറയൂർ ഡിവിഷൺ ഫോറസ്റ്റ് ഓഫീസർ എം.ജി.വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം കാന്തല്ലൂർ റേഞ്ച് ഓഫീസർ ടി.രഘു ലാലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ മാസം സേലത്ത് വലിയ ചന്ദന വേട്ട നടന്നത് അറിഞ്ഞതോടെ കാന്തല്ലൂർ റേഞ്ച് ഉദ്യോഗസ്ഥർ അവിടേക്ക് അന്വേഷണത്തിന് പോയി. 1520 കിലോയിലെ ഭൂരിഭാഗവും മറയൂരിൽ നിന്നുള്ളതായിരുന്നു. ഇരിങ്ങാലക്കുട ഉൾപ്പടെ കേരളത്തിലെ മറ്റ് ഭാഗങ്ങളിൽ നിന്നായിരുന്നു ബാക്കി. പ്രതികളായ ആറ് പേരെ ചോദ്യം ചെയ്തപ്പോൾ രണ്ട് പേർക്ക് അടിമാലി കേസിലെ മുഖ്യപ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. കൂടാതെ മറ്റൊരു കേസിലെ പ്രതികളുമായും ഇവർ കച്ചവടം നടത്തിയിട്ടുണ്ട്. ഇതോടെയാണ് ചന്ദനം കടന്നു പോകുന്ന റൂട്ട് ഉദ്യോഗസ്ഥർക്ക് മനസ്സിലായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam