
തിരുവനന്തപുരം: നഗരസഭയുടെ കീഴിലെ വന്ധ്യംകരണ കേന്ദ്രത്തിൽ നായ്ക്കളെ വിഷംകൊടുത്ത് കൊന്നെന്ന മൃഗസ്നേഹി കൂട്ടായമയുടെ പരാതിയെ തുടർന്ന് മറവുചെയ്ത നായ്ക്കളുടെ ജഡം പുറത്തെടുത്തു. നെയ്യാറ്റിൻകര കോടതിയുടെ കോടതി ഉത്തരവ് അനുസരിച്ച് രാവിലെ പത്തോടെ ആർ.ഡി.ഒ യുടെ നിർദേശപ്രകാരമെത്തിയ ലാൻഡ് അക്വസിഷൻ സ്‌പെഷ്യൽ തഹസിൽദാർ കെ. രമേഷ്‌കുമാർ, കോവളം പൊലീസ് ഇൻസ്‌പെക്ടർ ജി.പ്രൈജു എന്നിവരുടെ സാന്നിധ്യത്തിലാണ് മറവുചെയ്യപ്പെട്ട 10 നായക്കളുടെ ജഡം പുറത്തെടുത്ത് പോസ്റ്റുമാർട്ടം നടത്തിയത്.
പി.എം.ജിയിലെ ജില്ലാ വെറ്റിനറി കേന്ദ്രത്തിലെ ക്ലിനിക്കൽ ലാബിലെ ഡോ. ഹരീഷ്, എപ്പിഡെമിറ്റോളജിസ്റ്റ് ഡോ.ആൻമേരി, വിഴിഞ്ഞം മൃഗാശുപത്രിയിലെ ഡോ. ടി.ഗോപകുമാർ എന്നിവരാണ് പോസ്റ്റുമാർട്ടം നടത്തിയത്. പുറത്തെടുത്ത ജഡങ്ങളിൽ നിന്ന്. മാസംഭാഗങ്ങളും വ്യക്കകളും കുടൽഭാഗങ്ങളും ശേഖരിച്ചു. ഇവ തിരുവനന്തപുരത്തെും പാലോടുമുളള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് സെന്ററിലേക്കും വിദഗ്ധ പരിശോധനക്ക് അയക്കുമെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
പരിശോധനയിൽ നായ്ക്കൾ ചത്തത്ത് വിഷാംശം മൂലമാണെങ്കിൽ വന്ധ്യംകരണം സെന്ററിലെ ഡോക്ടർമാർക്കെതിരെ അറസ്റ്റുൾപ്പെടെയുള്ള നടപടിയുണ്ടാകുമെന്ന് കോവളം ഇൻസ്‌പെക്ടർ ജി.പ്രൈജു പറഞ്ഞു. കൗൺസിലർ വി.പ്രമീളയും, മൃഗസ്‌നേഹി കൂട്ടായ്മ യിലെ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. തിരുവല്ലം വണ്ടിത്തടത്ത് പ്രവർത്തിക്കുന്ന നഗരസഭയുടെ എ.ബി.സി സെന്‍ററിനെതിരെയുള്ള പരാതിയിലാണ് കോടതി ഉത്തരവനുസരിച്ചുള്ള നടപടി ഉണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam