മയക്കുമരുന്നിനെതിരെ മാവൂർ പൊലീസിന്‍റെ 'ലൂമിനേറ്റർ' പദ്ധതി

By Web TeamFirst Published Nov 16, 2022, 8:39 AM IST
Highlights

പൊതുജനങ്ങളെ കൂടി പങ്കാളികളാക്കി പഞ്ചായത്ത് വാർഡ് തലത്തിൽ ഒരു സമിതി രൂപീകരിച്ച്‌ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുക എന്ന കാഴ്ച്ചപ്പാടോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 


കോഴിക്കോട്:  മയക്കുമരുന്നിനും ലഹരിക്കുമെതിരെ ശ്രദ്ധേയ ചുവടുവെപ്പുമായി മാവൂർ പൊലീസ് രംഗത്ത്. മയക്കുമരുന്നുകളുടെ വിതരണവും വ്യാപനവും തടയുന്നതിന് സേവന സന്നദ്ധരായ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കുന്ന 'ലൂമിനേറ്റർ' എന്ന പദ്ധതിക്ക് മാവൂർ പൊലീസ് തുടക്കം കുറിക്കുന്നു. പൊതുജനങ്ങളെ കൂടി പങ്കാളികളാക്കി പഞ്ചായത്ത് വാർഡ് തലത്തിൽ ഒരു സമിതി രൂപീകരിച്ച്‌ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുക എന്ന കാഴ്ച്ചപ്പാടോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മയക്കുമരുന്നിനെതിരെ സർക്കാർ സംസ്ഥാന തലത്തിൽ യോദ്ധാവ് എന്ന പരിപാടി ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി.

ലഹരിയിൽ അകപ്പെട്ടവർക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ സഹായം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ജനങ്ങളിൽ എത്തിക്കുന്നത്. മാവൂർ, പെരുവയൽ, ചാത്തമംഗലം ഗ്രാമ പഞ്ചായത്തുകളിലായി 32 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് മാവൂർ പൊലീസ് സ്റ്റേഷൻ. ഓരോ വാർഡുകളിലും വാർഡ് മെമ്പർമാർ കൺവീനർമാരായും അതത് വാർഡിലെ സേവന സന്നദ്ധരായ പൊതുജനങ്ങളിൽ നിന്നും 5 സ്ത്രീകൾ ഉൾപ്പെടെ 15 പേരും മാവൂർ പൊലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും ഈ സമിതിയിൽ അംഗങ്ങളാവും. 32 വാർഡുകളെ 5 ക്ലസ്റ്ററുകളായി തിരിച്ച്  ഓരോ ക്ലസ്റ്ററുകൾക്കും ഓരോ സബ് ഇൻസ്പെക്ടർമാർ മേൽനോട്ടം വഹിക്കും.

വൈദ്യസഹായം, നിയമ സഹായം, കൗൺസിലിങ്ങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ സഹായം ചെയ്യുക, വാർഡുകളിൽ  മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും നടക്കുന്നുണ്ടെങ്കിൽ അത് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തി നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുക, ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുക എന്നിവയാണ് സമിതി മെമ്പർമാരുടെ കടമ. 

പദ്ധതിയുടെ പ്രഖ്യാപനവും, ലഹരിക്കെതിരെ മാവൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ലിജുലാൽ സംവിധാനം ചെയ്ത 'ലൈഫ് ലൈൻ' ഷോർട്ട് ഫിലിമിന്‍റെ പ്രകാശനവും  ഇന്ന് രാവിലെ 11 മണിക്ക് മാവൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. അഡ്വ. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിറ്റി പൊലീസ് കമ്മീഷണർ എ.അക്ബർ മുഖ്യാതിഥിയാകും. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ. എ. ശ്രീനിവാസ്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

click me!