രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍നിന്ന് തൃശൂര്‍ മേയറെയും എംപിയെയും ഒഴിവാക്കി

By Web TeamFirst Published Aug 6, 2018, 3:46 PM IST
Highlights

രാഷ്ട്രപതിയുടെ സുരക്ഷ കാരണങ്ങള്‍ പറഞ്ഞ് എംപിയെയും മേയറെയും വേദിയില്‍ നിന്ന് ഒഴിവാക്കിയാണ് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസ് മുഖാന്തിരം രാഷ്ട്രപതി ഭവനിലേക്ക് പട്ടിക നല്‍കിയത്.

തൃശൂര്‍: രാഷ്ട്രപതിയുടെ തൃശൂരില്‍ നടക്കുന്ന പരിപാടിയില്‍ നിന്ന് സുരക്ഷയുടെ പേരില്‍ സ്ഥലം എംപിയെയും മേയറെയും ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിലേക്ക്. സി.എന്‍ ജയദേവന്‍ എംപി, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിതാ ജയരാജന്‍ എന്നിവരെയാണ് തഴഞ്ഞത്. വിവരം ചൂണ്ടിക്കാട്ടി സി.എന്‍ ജയദേവന്‍ എംപി രാഷ്ട്രപതി ഭവനിലേക്ക് കത്തയച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ തൃശൂര്‍ സെന്റ് തോമസ് കോളജിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടന പരിപാടിയുടെ നോട്ടീസില്‍ സ്ഥലം എംപി സി.എന്‍ ജയദേവന്റെയും മേയര്‍ അജിത ജയരാജന്റെയും പേരുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിലേക്കും രാഷ്ട്രപതിയുടെ ഓഫീസിലേക്കും അയച്ച പട്ടികയിലും ഇവരുടെ പേര് നല്‍കിയിരുന്നതായി കോളജ് അധികൃതരും പറഞ്ഞു.

എന്നാല്‍, രാഷ്ട്രപതിയുടെ സുരക്ഷ കാരണങ്ങള്‍ പറഞ്ഞ് എംപിയെയും മേയറെയും വേദിയില്‍ നിന്ന് ഒഴിവാക്കിയാണ് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസ് മുഖാന്തിരം രാഷ്ട്രപതി ഭവനിലേക്ക് പട്ടിക നല്‍കിയത്. സംഭവത്തിനെതിരെ കോര്‍പറേഷന്‍ ഭരണകൂടവും എംപിയുടെ ഓഫീസും അതൃപ്തി പ്രകടിപ്പിച്ചു. ജനപ്രതിനിധികളെ അവഗണിച്ചുകൊണ്ടുള്ള ഇത്തരം നടപടികള്‍ ജനാധിപത്യ സംവിധാനത്തെ സംവിധാനത്തിന് യോജിച്ചതല്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പ്രതികരിച്ചു.

click me!