ഓണം മേളകളിലൂടെ കുടുംബശ്രീ നേടിയത് 23 കോടിയുടെ വില്‍പ്പന; 'കൂടുതൽ മേളകൾ മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിൽ'

By Web TeamFirst Published Aug 31, 2023, 3:40 PM IST
Highlights

പൂവിപണിയിലും ശക്തമായ സാന്നിദ്ധ്യം തീര്‍ക്കാന്‍ കുടുംബശ്രീക്ക് സാധിച്ചെന്ന് മന്ത്രി. 

തിരുവനന്തപുരം: ഓണം മേളകളിലൂടെ കുടുംബശ്രീ കൈവരിച്ചത് 23 കോടി രൂപയുടെ വില്‍പ്പനയാണെന്ന് മന്ത്രി എംബി രാജേഷ്. ഏറ്റവും കൂടുതല്‍ മേളകള്‍ നടത്തിയത് മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ്. വിലക്കയറ്റം തടയാന്‍ സഹായിച്ച സര്‍ക്കാരിന്റെ വിപണി ഇടപെടലില്‍ കുടുംബശ്രീ ശ്രദ്ധേയമായ ഒരു പങ്ക് വഹിച്ചെന്നും മന്ത്രി പറഞ്ഞു. പൂവിപണിയിലും ശക്തമായ സാന്നിദ്ധ്യം തീര്‍ക്കാന്‍ കുടുംബശ്രീക്ക് സാധിച്ചെന്ന് മന്ത്രി പറഞ്ഞു. 1819 വനിതാ കര്‍ഷക സംഘങ്ങള്‍ 780 ഏക്കറിലാണ് പൂ കൃഷി നടത്തിയത്. കഴിഞ്ഞ വര്‍ഷം 128 ഏക്കറിലായിരുന്നു കൃഷി ചെയ്തത്. 100 സംഘങ്ങള്‍ ചേര്‍ന്ന് 186.37 ഏക്കറില്‍ കൃഷിയിറക്കിയ തൃശൂര്‍ ജില്ലയാണ് ഇക്കുറി ഒന്നാമതെത്തിയതെന്നും എംബി രാജേഷ് അറിയിച്ചു. 

എംബി രാജേഷിന്റെ കുറിപ്പ്: ''വളരെ സന്തോഷത്തോടെ കുടുംബശ്രീയുടെ ഓണം വിപണന മേളയുടെ വിജയഗാഥ പങ്കുവെക്കട്ടെ. 23 കോടി രൂപയുടെ വില്‍പ്പനയാണ് 1087 ഓണം മേളകളിലൂടെ കുടുംബശ്രീ ഈ വര്‍ഷം കൈവരിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം 19 കോടിയായിരുന്നു, നാലുകോടിയുടെ വര്‍ദ്ധനവ്. 20,990 ജെ എല്‍ ജി യൂണിറ്റുകളുടെ ഉല്‍പ്പന്നങ്ങളാണ് വിപണന മേളയിലൂടെ കേരളത്തിലുടനീളം വിറ്റഴിച്ചത്. ഏറ്റവും കൂടുതല്‍ മേളകള്‍ നടത്തിയത് മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ്. വിലക്കയറ്റം തടയാന്‍ സഹായിച്ച സര്‍ക്കാരിന്റെ വിപണി ഇടപെടലില്‍ കുടുംബശ്രീ ശ്രദ്ധേയമായ ഒരു പങ്ക് വഹിച്ചു.''

''പൂകൃഷിയുടെ കാര്യത്തിലും കുടുംബശ്രീ ഉജ്വല നേട്ടം കൈവരിച്ചിരുന്നു. സാധാരണഗതിയില്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നാണ് ഓണത്തിന് പൂക്കളെത്തിയിരുന്നതെങ്കില്‍, ഇക്കുറി പൂവിപണിയില്‍  ശക്തമായ സാന്നിദ്ധ്യം തീര്‍ക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. 1819 വനിതാ കര്‍ഷക സംഘങ്ങള്‍ 780 ഏക്കറിലാണ് ഇക്കുറി പൂകൃഷി നടത്തിയത്. കഴിഞ്ഞ വര്‍ഷം 128 ഏക്കറിലായിരുന്നു പൂകൃഷി ചെയ്തത്. ഓണവിപണി മുന്നില്‍ കണ്ട് ആരംഭിച്ച കൃഷി കേരളമെമ്പാടും വലിയ വിജയം കണ്ടു എന്നത് ഏറെ ആഹ്ലാദകരമാണ്. 100 സംഘങ്ങള്‍ ചേര്‍ന്ന് 186.37 ഏക്കറില്‍ കൃഷിയിറക്കിയ തൃശൂര്‍ ജില്ലയാണ് ഇക്കുറി ഒന്നാമതെത്തിയത്. കുടുംബശ്രീയുടെ ഓണം വിപണന മേളകളിലെല്ലാം ശ്രദ്ധാകേന്ദ്രമായി പൂക്കള്‍ വില്‍ക്കുന്ന സ്റ്റാളുകളുണ്ടായിരുന്നു. അടുത്ത ഓണത്തിന് കൂടുതല്‍ വിപുലമായ പൂകൃഷി സംസ്ഥാനമെങ്ങും വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനം കുടുംബശ്രീ ഏറ്റെടുക്കും. പൂകൃഷിയുടെ വിജയത്തിന് പിന്നാലെ ഓണം വിപണനമേളകളിലെ മുന്നേറ്റം കൂടി കുടുംബശ്രീയുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാവുകയാണ്. ടീം കുടുംബശ്രീക്ക് ഹൃദ്യമായ അഭിനന്ദനങ്ങള്‍.''

നെല്ല് സംഭരണം:കേരളം ഇതുവരെ ക്ലെയിം സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രം,ക്ലെയിം ചെയ്താൽ 20ദിവസത്തിനകം പണം നൽകാം 
 

click me!