
കോഴിക്കോട്: ജില്ലയിൽ അഞ്ചാം പനി പടരുന്നു. നാദാപുരത്ത് ആകെ രോഗികളുടെ എണ്ണം 25 ആയി. ജനുവരി 17 ഇന്നലെ പുതുതായി രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രണ്ട്, ഏഴ് വാർഡുകളിലാണ് ഓരോ കേസ് വീതം റിപ്പോർട്ട് ചെയ്‍തത്. നാദാപുരം പഞ്ചായത്തിലെ വാർഡ് ഒന്നിൽ ഒരു കേസ്, രണ്ടിൽ രണ്ട് കേസ്, വാര്‍ഡ് നാലില്‍ രണ്ട്, വാര്‍ഡ് ആറില്‍ ഏഴ്, വാര്‍ഡ് ഏഴില്‍ ഏഴ്, വാര്‍ഡ് 11 ല്‍ ഒന്ന്, വാര്‍ഡ് 13 ല്‍ ഒന്ന്, വാർഡ് 17 ൽ ഒന്ന്, വാര്‍ഡ് 19 ല്‍ രണ്ട്, വാര്‍ഡ് 21 ല്‍ ഒന്നുൾപ്പടെ ഇതുവരെ 25 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തു.
പൗർണമി വായനശാല, ചീയ്യുർ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ നിന്ന് 61 കുട്ടികൾക്ക് അഞ്ചാം പനിക്കെതിരെയുള്ള വാക്‌സിൻ നൽകി. നേരത്ത 65 കുട്ടികൾക്ക് വാക്സിൻ നൽകിയിരുന്നു. ഇതുവരെ 126 കുട്ടികൾക്കാണ് വാക്‌സിൻ നൽകിയത്. ആരോഗ്യ പ്രവർത്തകർ ബോധവത്കരണത്തിന്റെ ഭാഗമായി 850 വീടുകളിൽ നോട്ടീസും വിതരണം ചെയ്തു.
അതേ സമയം നാദാപുരത്ത് അഞ്ചാം പനി വ്യാപകമായിട്ടും കുട്ടികൾക്ക് വാക്‌സിന് നൽകാൻ ആളുകൾ മടിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. വാക്സിന്‍റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി നാദാപുരം പഞ്ചായത്ത് മഹല്ല് കമ്മറ്റികളുടെ പിന്തുണ തേടി. ജനസംഖ്യയേറെയുള്ള പഞ്ചായത്താണെങ്കിലും പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളില്ലാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
അസുഖം ബാധിച്ച കുട്ടികളില്‍ ഭൂരിഭാഗവും വാക്സിനെടുത്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തല്‍. അഞ്ചാം പനിയുടെ വാക്സിനെടുക്കാത്ത 345 കുട്ടികളാണ് പഞ്ചായത്തിലുള്ളത്. രോഗം പടരുന്ന സാഹചര്യത്തില്‍ ഈ കുട്ടികളെ കണ്ടെത്തി വാക്സിന്‍ നല്‍കാന്‍ ഊര്‍ജ്ജിത ശ്രമം നടത്തിയിട്ടും പലരും മുഖം തിരിക്കുകയാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. വീടുകള്‍ കയറിയിറങ്ങി വാക്സിന്‍ നല്‍കുന്നുണ്ടെങ്കിലും എഴുപതില്‍ താഴെ കുട്ടികള്‍ മാത്രമാണ് പുതിയതായി വാക്സിന്‍ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മഹല്ല് കമ്മറ്റികളുടെയടക്കം പിന്തുണ നാദാപുരം പഞ്ചായത്ത് തേടിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam