
തൃക്കാക്കര: ഫ്ളാറ്റിന്റെ ഡോർ ലോക്കായി ഉള്ളിൽ കുടുങ്ങിയ വിദ്യാർഥിനിയെ സാഹസികമായി സഹായിച്ച് തൃക്കാക്കര ഫയർഫോഴ്സ്. തൃക്കാക്കര ചെമ്പുമുക്ക് ജോയ് അലുക്കാസ് ഗോൾഡ് ടവറിന്റെ 5ാമത്തെ നിലയിലെ ഫ്ലാറ്റിന്റെ ബെഡ്റൂമിൽ ഡോർ സാങ്കേതിക തകരാറിനെ തുടർന്ന് ലോക്ക് ആയതോടെയാണ് മെഡിക്കൽ വിദ്യാർത്ഥിനി ഉള്ളിൽ കുടുങ്ങിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഫ്ലാറ്റിന്റെ ആറാമത്തെ നിലയിൽ നിന്നും കയറിൽ തൂങ്ങി താഴത്തെ നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിലെ ജനാല വഴി ഉള്ളിൽ പ്രവേശിച്ചു.
തുടർന്ന് വാതിൽ പൊളിച്ച് വിദ്യാർഥിനിയെ പുറത്ത് എത്തിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ചിത്രൻ സാഹസികമായി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ആഡംബര ഫ്ലാറ്റിന്റെ മുറിയിലെ വാതിലിന്റെ തകരാറിന് പിന്നാലെയാണ് വിദ്യാർത്ഥിനി കുടുങ്ങിയത്. വൻ സുരക്ഷാ സംവിധാനങ്ങളുള്ള പ്രധാന വാതിൽ തകർത്താലുണ്ടാവുന്ന നഷ്ടം കണക്കിലെടുത്താണ് സാഹസികമായി രക്ഷാപ്രവർത്തനം നടത്തിയെതെന്നാണ് ഫയർ ഫോഴ്സ് വിശദമാക്കുന്നത്.
മറ്റൊരു സംഭവത്തിൽ ശ്രീനാരായണപുരത്ത് കുളത്തിൽ കുളിക്കുന്നതിനിടയിൽ വീഡിയോ ചിത്രീകരിക്കുകയായിരുന്ന യുവാവിന്റെ നഷ്ടമായ ഫോൺ വീണ്ടെടുത്ത് നൽകി ഫയർഫോഴ്സ് സ്കൂബാ ടീം. പൊരിബസാർ ഊമൻകുളത്തിൽ കുളിക്കുന്നതിനിടയിലാണ് എറിയാട് സ്വദേശി കൊല്ലിയിൽ ഇംതിയാസിൻ്റെ ഐഫോൺ മാക്സ് സിക്സ്റ്റിൻ പ്രോഫോൺ കുളത്തിൽ വീണു കാണാതായത്. തുടർന്ന് ഫയർഫോഴ്സിൻ്റെ സഹായം തേടുകയായിരുന്നു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സന്തോഷ് കുമാർ, ഫയർ ഓഫീസർമാരായ ഉല്ലാസ്, അജിത്ത്, വിഷ്ണുദാസ് എന്നിവർ ചേർന്നാണ് ഫോൺ കണ്ടെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam