
ഇടുക്കി: സൈറൺ മുഴക്കി റോഡിലൂടെ പാഞ്ഞുപോകുന്ന ആംബുലൻസുകൾ നമ്മൾ പതിവായി കാണാറുണ്ട്. ഓരോ ആംബുലൻസുകളും പായുന്നത് ഓരോ ജീവനുകളുമായാണ്. മനസ്സാന്നിധ്യം കൈവിടാതെ ആംബുലൻസ് ഓടിക്കുന്ന ഡ്രൈവറിലാണ് ഏവരുടെയും വിശ്വാസം. പുരുഷന്മാരുടെ കുത്തകയാണ് ആംബുലൻസ് ഡ്രൈവിംഗ് എന്നാണ് പൊതുധാരണ. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍.
കട്ടപ്പനയിൽ ഒരു വനിത ആംബുലൻസ് ഡ്രൈവറുണ്ട്. കട്ടപ്പന അസീസി സ്നേഹാശ്രമത്തിലെ സിസ്റ്റർ ആൻ മരിയ. ജപമാല പിടിക്കുന്ന കൈകളിൽ ആംബുലൻസിന്‍റെ വളയവും ഭദ്രമാണ്. ആന്ധ്ര ,ഊട്ടി, ഉജൈൻ എന്നിവിടങ്ങളിൽ നഴ്സായിരുന്ന സിസ്റ്റർ ആൻമരിയ 16 വർഷമായി ആകാശപറവയിലാണ് ശുശ്രൂഷ ചെയ്യുന്നത് .13 വർഷം മുമ്പ് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കി.
ഫാദർ ഫ്രാൻസിസ് ഡൊമിനിക്കും, പ്രൊവിൻഷ്യൽ സിസ്റ്റർ അനീറ്റയും നൽകിയ പ്രോത്സാഹനമാണ് സിസ്റ്റർ ആൻമരിയ ആംബുലൻസ് ഓടിക്കാൻ കാരണം. 67 വയസുള്ള സിസ്റ്ററിന് കോട്ടയം മെഡിക്കൽ കോളേജിൽ എത്താൻ കട്ടപ്പനയിൽ നിന്ന് രണ്ടര മണിക്കൂറിൽ താഴെ സമയം മതി. പിക്കപ്പ് ,മാർഷൽ വലിയ വാഹനങ്ങൾ എല്ലാം ഈ കൈകളിൽ ഭദ്രം. ഇതുവരെയും ഒരു അപകടം പോലും ഉണ്ടായിട്ടില്ല. ഓരോ യാത്രയും ഒരു ജീവൻ രക്ഷിക്കാനുള്ളതാണെന്ന ഉത്തമബോധ്യത്തോടെ തൻറെ ദൗത്യം പൂർത്തിയാക്കുകയാണ് സിസ്റ്റർ ആൻ മരിയ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam