റേഷൻകാർഡുണ്ടെങ്കിലും ആധാർ കാർഡില്ല; മാനസികരോ​ഗിയായ ഭാര്യയും കിടപ്പിലായ മകനും; ദുരിതക്കടലിൽ ഒരു കുടുംബം

By Web TeamFirst Published Jan 17, 2023, 11:20 AM IST
Highlights

ആധാർ ഇല്ലാത്തതിനാൽ കരുണാകന്റെ ഭാര്യ തുളസിക്കും മകൻ അനിക്കും റേഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്തതിനാലാണ് റേഷൻ ലഭിക്കാത്തതെന്ന് കരുണാകരൻ പറയുന്നത്.
 

തിരുവനന്തപുരം: റേഷൻ കാർഡുണ്ടെങ്കിലും റേഷനും ആനുകൂല്യങ്ങളുമില്ലാതെ നരകജീവിതം നയിക്കുകയാണ് ഒരു കുടുംബം. വെങ്ങാനൂർ വെണ്ണിയൂർ നെല്ലി വിളാകത്ത് വീട്ടിൽ ജെ. കരുണാകരനും (74) മാനസിക വൈകല്യമുള്ള ഭാര്യയും എഴുന്നേൽക്കാൻ പോലുമാകാതെ കിടക്കുന്ന മകനുമാണ് ദുരിതമനുഭവിക്കുന്നത്. ആധാർ ഇല്ലാത്തതിനാൽ കരുണാകന്റെ ഭാര്യ തുളസിക്കും മകൻ അനിക്കും റേഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്തതിനാലാണ് റേഷൻ ലഭിക്കാത്തതെന്ന് കരുണാകരൻ പറയുന്നത്.

15 വർഷത്തിലധികമായി എഴുന്നേൽക്കാൻ പോലുമാകാതെ കിടപ്പിലായ അനിയ്ക്കും മാനസികവൈകല്യമുള്ള തുളസിയ്ക്കും ക്ഷേമ പെൻഷനു പോലും അപേക്ഷിക്കാനാകില്ല. വൈദ്യുതിയും വെളളവുമില്ലാതെ ഒറ്റമുറിയിൽ തന്നെ കഴിയുന്ന ഇവരുടെ ദുരിത കാഴ്ച കരളലിയിപ്പിക്കുന്നതാണ്. വീട്ടിൽ തീ പുകയുന്നത് വല്ലപ്പോഴും മാത്രം. അയൽവാസിയും ഇവരുടെ ബന്ധുവുമായ സുധയുടെ കാരുണ്യത്താലാണ് ഇതുവരെ കഴിഞ്ഞു പോകുന്നത്. 5 വർഷം മുൻപുണ്ടായ മഴയിൽ ഇവരുടെ വീട് തകർന്നതിനെ തുടർന്ന് ഇവരുടെ മകളുടെ സ്ഥലത്ത് ബന്ധു വച്ചു നൽകിയ ഒറ്റമുറിയിലാണ് താമസം.

ഭാര്യയെയും മക്കളെയും പോറ്റാൻ 74ാം വയസിലും തന്നാലാവും വിധം കൂലിപ്പണി എടുക്കുകയാണ് കരുണാകരൻ. പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാൻ പോലുമാക്കാത്ത സ്ഥിതിയിലാണ് അനി. സഹായിക്കാൻ ആളില്ലാത്തതിനാൽ അയൽവാസികൾ എത്തി വല്ലപ്പോഴും കുളിപ്പിക്കും. വർഷത്തിൽ ഒന്നോ രണ്ടോ തവണ തലമുടി വെട്ടിക്കും. 

എപ്പോഴായാലും ഭർത്താവ് എത്തി ഭക്ഷണം നൽകിയാൽ മാത്രമേ തുളസി കഴിക്കുള്ളു. മാനസിക വിഭ്രാന്തി കൂടുമ്പോൾ നാട്ടുകാരെ ഉൾപ്പെടെ കല്ല് എടുത്തെറിയുന്നതിനാൽ ഭയന്ന് ആരും വരില്ല. വല്ലപ്പോഴും തുളസി പാകം ചെയ്യാറുണ്ടെങ്കിലും കഴിക്കാറില്ല. പുറത്ത് എടുത്ത് എറിയുകയാണെന്ന് അയൽവാസികൾ പറയുന്നു. കരുണാകരന്റെ പേരിൽ 5 സെന്റ് വസ്തു ഉണ്ടെങ്കിലും ഒരു അടച്ചുറപ്പുള്ള കിടപ്പാടമില്ല. റേഷൻ കാർഡ് പേരുണ്ടെങ്കിലും ആധാറുമായി ബന്ധിപ്പിക്കാത്തതിനാൽ ഒരാനുകൂല്യങ്ങൾക്കും അപേക്ഷിക്കാനാകുന്നില്ല. അധികൃതർ വീട്ടിൽ എത്തി ആധാർ കാർഡ് എടുത്തു നൽകിയാൽ ഇവർക്കുവേണ്ട ആനുകൂല്യങ്ങൾക്ക് എവിടെ വേണമെങ്കിലും കയറി ഇറങ്ങാൻ തയ്യാറാണെന്ന് ബന്ധു സുധ പറഞ്ഞു.

തൊണ്ടിമുതല്‍ പോരുകോഴികള്‍; പൊലീസ് സ്റ്റേഷനിൽ കോഴികൾക്കായി ലേലം വിളി
 

click me!