
മാവേലിക്കര: വെള്ളക്കെട്ടിൽ ഒഴുകിയെത്തിയ പേഴ്‌സും പണവും ഉടമയെ ഏല്‍പ്പിച്ച് വ്യാപാരി മാതൃകയായി. കണ്ണമംഗലംതെക്ക് പാലാഴിയില്‍ പുഷ്പകുമാറാണ് പേഴ്‌സ് ഉടമയെ ഏല്‍പ്പിച്ചത്. പലചരക്ക് കച്ചവടക്കാരനായ പുഷ്പകുമാര്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കായംകുളത്തിന് സ്‌കൂട്ടറില്‍ പോകവെ മനായി പാലത്തിന് സമീപം വച്ച് വാഹനം വെള്ളക്കെട്ടില്‍ പെട്ടു. ഈസമയം വാഹനം കരക്കെത്തിക്കാനായി ശ്രമിക്കുമ്പോള്‍ വെള്ളക്കെട്ടിലൂടെ ഒഴുകി വരുന്ന പേഴ്‌സ് പുഷ്പകുമാറിൻ്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
ഉടന്‍തന്നെ വാഹനത്തിന്റെ മുന്‍ചക്രങ്ങള്‍ ഉപയോഗിച്ച് പേഴ്‌സിന്റെ ഒഴുക്ക് തടഞ്ഞ് പരിശോധിച്ചപ്പോള്‍ 14300 രൂപയും എറ്റിഎം, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ എന്നിവയും പേഴ്‌സില്‍ നിന്ന് ലഭിച്ചു. പിന്നാലെ പുഷ്പകുമാര്‍ പേഴ്‌സ് മാവേലിക്കര പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ജൂനിയര്‍ എസ്.ഐ ജിനു.ജി, സീനിയര്‍ സിപിഒ എന്‍.സുധി എന്നിവര്‍ ചേര്‍ന്ന് ഉടമയായ ദേവസ്വം ശാന്തിയായ കല്ലൂപ്പാറ പുതുശേരി അരീക്കര ഇല്ലം എ.കെ.സുനില്‍കുമാറിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പേഴ്‌സ് പൊലീസ് സ്‌റ്റേഷനില്‍വച്ച് പുഷ്പകുമാര്‍ എ.കെ.സുനില്‍കുമാറിന് കൈമാറി.
ഭാര്യവീടായ കണ്ണമംഗലത്ത് എത്തിയശേഷം ഹരിപ്പാട്ടേ പുതിയ ജോലിസ്ഥലത്തേക്ക് മാറുന്നതിന്റെ ആവശ്യത്തിനായി ഹരിപ്പാട് ദേവസ്വം ഓഫീസിലേക്ക് പോകും വഴി കണ്ണംമംഗലം മനായിപാലത്തിന് സമീപം വച്ച് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ സുനിലും ഇതേ വെള്ളക്കെട്ടില്‍ പെട്ടിരുന്നു. വാഹനം കരക്കെത്തിക്കുവാന്‍ വേണ്ടി നടത്തിയ ശ്രമത്തില്‍ പേഴ്‌സ് കാണാതാവുകയായിരുന്നുവെന്ന് സുനില്‍ പറയുന്നു. നല്ല ഒഴുക്കുകാരണം പേഴ്‌സ് കനാലിലൂടെ ഒഴുകി തിരിച്ചു കിട്ടാത്തവിധം നഷ്ടമായി എന്നു വിചാരിച്ചിരിക്കുമ്പോഴാണ് പൊലീസ് സ്‌റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെടുന്നതെന്നും സുനില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam