കൊള്ളപ്പലിശക്കാരുടെ ഭീഷണിയിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം; പ്രഗിലേഷിന്‍റെ വീടിന്‍റെ പൂട്ടുപൊളിച്ച് പൊലീസ്, പരിശോധന

Published : Oct 24, 2025, 09:48 PM IST
guruvayoor merchant suicide

Synopsis

പ്രഗിലേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കോടതിയില്‍നിന്ന് അനുമതി വാങ്ങിയശേഷം ആശാരിയെ കൊണ്ടുവന്ന് പൂട്ടു പൊളിച്ചാണ് പൊലീസ് അകത്തു കയറിയത്.

തൃശൂര്‍: ഗുരുവായൂരില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ ഒന്നാം പ്രതിയുടെ അടച്ചിട്ടിരുന്ന വീടിന്റെ പൂട്ട് തകര്‍ത്ത് പൊലീസ് അകത്തു കയറി പരിശോധന നടത്തി. നെന്മിനി തൈവളപ്പില്‍ പ്രഗിലേഷിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. കര്‍ണ്ണംകോട്ട് ബസാര്‍ മേക്കണ്ടാണത്ത് മുസ്തഫ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു.

പ്രഗിലേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കോടതിയില്‍നിന്ന് അനുമതി വാങ്ങിയശേഷം ആശാരിയെ കൊണ്ടുവന്ന് പൂട്ടു പൊളിച്ചാണ് പൊലീസ് അകത്തു കയറിയത്. വാര്‍ഡ് കൗണ്‍സിലര്‍ കെ.പി.എ. റഷീദ്, അയല്‍വാസി ഏറത്ത് രാജന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. മുസ്തഫയുടെ സ്ഥലത്തിന്റെ കരം അടച്ച രസീത് അടക്കമുള്ള രേഖകള്‍ പൊലീസ് കണ്ടെടുത്തു. ഗുരുവായൂര്‍ ടെമ്പിള്‍ എസ്.എച്ച്.ഒ. അജയകുമാര്‍, എസ്.കെ. ഗിരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. 

മുസ്തഫ ആത്മഹത്യ ചെയ്ത കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം ഒന്നാംപ്രതി പ്രഗിലേഷ് നിരവധിപേരെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയ തെളിവുകള്‍ പൊലീസിന് ലഭിച്ചു. നെന്മിനി തൈവളപ്പില്‍ പ്രഗിലേഷ്, കണ്ടാണശേരി സ്രാമ്പിക്കല്‍ ദിവേക് എന്നിവര്‍ക്കെതിരേയാണ് ടെമ്പിള്‍ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇരുവരും ഒളിവിലാണ്. ഇരുവരുടെയും വീടുകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ സുപ്രധാന രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. രണ്ട് കാറുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ പലിശക്ക് പണം നല്‍കിയ മറ്റു പലരെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി