കൊവിഡ് 19: അവശ്യസാധനങ്ങൾക്ക് അമിത വില ഈടാക്കി വ്യാപാരികള്‍, നടപടിയുമായി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍

By Web TeamFirst Published Mar 30, 2020, 7:55 PM IST
Highlights

കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിന്റെ ഭാഗമായി മൂഴിക്കല്‍, വേങ്ങേരി, തടമ്പാട്ടുതാഴം, ചെലവൂര്‍ എന്നിവിടങ്ങളിലെ  31-ഓളം കടകളില്‍ പരിശോധന നടത്തി. 

കോഴിക്കോട്: കോഴിക്കോട് താലൂക്കില്‍ അവശ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കെതിരെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തു. പുല്ലാളൂര്‍, കുരുവട്ടൂര്‍, പാലത്ത്, കുമാരസ്വാമി, ചെറുകുളം പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിം​ഗ് ഇന്‍സ്‌പെക്ടര്‍മാരുമാണ് പരിശോധന നടത്തിയത്. വില്‍പന വില പ്രദര്‍ശിപ്പിക്കാത്തതും അമിത വില ഈടാക്കിയതുമായ വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി. 

താരതമ്യേന കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ട വ്യാപാരികള്‍ക്ക് വില കുറക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും പുതുക്കിയ നിരക്ക് വിലവിവര പട്ടികകളില്‍ രേഖപ്പെടുത്തുകയും ചെയ്തു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീജ. എന്‍.കെ, റേഷനിം​ഗ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ബാലകൃഷ്ണന്‍, കെ. ബി. സരിത എന്നിവര്‍ പങ്കെടുത്തു.

കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിന്റെ ഭാഗമായി മൂഴിക്കല്‍, വേങ്ങേരി, തടമ്പാട്ടുതാഴം, ചെലവൂര്‍ എന്നിവിടങ്ങളിലെ  31-ഓളം കടകളില്‍ പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ വ്യാപാരികള്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിന് നോട്ടീസ് നൽകിയതായി സിറ്റി റേഷനിംഗ് ഓഫീസര്‍മാര്‍ അറിയിച്ചു. 

ചില്ലറ വ്യാപാരികള്‍ മൊത്തവ്യാപാര കേന്ദ്രത്തില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ ബില്ല് കൃത്യമായി സൂക്ഷിക്കേണ്ടതും പരിശോധനാ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാക്കേണ്ടതുമാണ്. പരിശോധനാ സ്‌ക്വാഡിന് സൗത്ത് സിറ്റി റേഷനിംഗ് ഓഫീസര്‍, നോര്‍ത്ത്  സിറ്റി റേഷനിംഗ് ഓഫീസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന നടത്തും.

click me!