
തിരുവനന്തപുരം: കടുത്ത തൊണ്ട വേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്‍റെ അന്നനാളത്തില്‍ നിന്ന് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഇരുമ്പു കമ്പി. തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് അസഹ്യമായ തൊണ്ട വേദനയുമായി യുവാവ് ആശുപത്രിയിലെത്തുന്നത്. ഇ എൻ ടി വിഭാഗത്തിൽ തൊണ്ട പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
സാധാരണ ഗതിയിൽ മീൻമുള്ള്, ചിക്കൻ, ബീഫ് മുതലായവയുടെ എല്ല് എന്നിവയെല്ലാം തൊണ്ടയിലും അന്നനാളത്തിലും കുടുങ്ങാന്‍ സാധ്യതയുണ്ട്. എന്നാൽ ഇവിടെ അതിന്റെ ലക്ഷണമൊന്നും കാണാനായില്ല.കൂടുതല്‍ പരിശോധനയ്ക്കായി സി ടി സ്കാൻ ചെയ്തു. സ്കാനിംഗ് പരിശോധനയിൽ ശ്വാസക്കുഴലിന് പുറകിൽ അന്നനാളത്തിനോട് ചേർന്ന് ഒരു ചെറിയ മെറ്റാലിക് പീസ് എന്നായിരുന്നു റിപ്പോർട്ട് വന്നത്. എൻഡോസ്കോപ്പ് ഉള്ളിൽ കടത്തി പരിശോധന നടത്തിയെങ്കിലും അതിന്റെ ക്യാമറാക്കണ്ണിലും വില്ലനെ കണ്ടെത്താനായില്ല. ഇതോടെയാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ തീരുമാനിച്ചത്.
തത്സമയം എക്സ് റേ വഴി കാണാൻ സാധിക്കുന്ന സിആം ഇമേജ് ഇന്റൻസിഫയർ ഉപയോഗിച്ച് നടന്ന ശസ്ത്രക്രിയയിലൂടെയാണ് മറഞ്ഞു കിടന്ന കമ്പിക്കഷം പുറത്തെടുത്തത്. തലയിലേക്ക് പോകുന്ന ഞരമ്പുകളുടെയും അന്നനാളത്തിന്റെയും ഇടയിലായിരുന്നു കമ്പി കഷ്ണം കുടുങ്ങിക്കിടന്നത്. ആഹാരത്തിലൂടെയാണ് കമ്പി കഷ്ണം തൊണ്ടയില്‍ എത്തിയതെന്നാണ് അനുമാനം. കാർഡിയോ തൊറാസിക് സർജൻ ഡോ ഷഫീഖ്, ഇ എൻ ടി വിഭാഗത്തിലെ ഡോ വേണുഗോപാൽ, ഡോ ഷൈജി, ഡോ മെറിൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ മധുസൂദനൻ, സ്റ്റാഫ് നഴ്സ് ദിവ്യ എൻ ദത്തൻ എന്നിവർ ശസ്ത്രക്രിയയില്‍ ഭാഗമായി.
കരുതലോടെ ഭക്ഷണം കഴിച്ചില്ലെങ്കിൽ അബദ്ധത്തിൽ ഉള്ളിൽ കടക്കുന്ന അന്യ വസ്തുക്കൾ പുറത്തെടുത്താൽ പോലും അന്നനാളത്തിൽ മുറിവ് പറ്റിയാൽ നീരും പഴുപ്പും നെഞ്ചിലേക്കിറങ്ങി മീഡിയാസ്റ്റൈനൈറ്റിസ് എന്ന മാരകമായ അവസ്ഥ ഉണ്ടാകാമെന്നും കാർഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ അബ്ദുൾ റഷീദ് പറഞ്ഞു. ഫിക്സഡ് അല്ലാത്ത വെപ്പു പല്ല് ശ്രദ്ധിച്ചില്ലെങ്കിൽ അന്നനാളത്തിൽ പോകാനും സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam