പൊലീസ് രക്ഷകരായി: നാടോടി സംഘത്തിലെ നാലു വയസ്സുകാരിക്ക് മാതാപിതാക്കളെ തിരികെ ലഭിച്ചു

By Web TeamFirst Published Nov 1, 2019, 4:50 PM IST
Highlights
  • നാടോടി സംഘത്തില്‍ നിന്നും കൂട്ടം തെറ്റിയ നാലുവയസ്സുകാരിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ സഹായിച്ച് പൊലീസ്. 
  • എടത്വ പൊലീസാണ് പെണ്‍കുട്ടിയെ മാതാപിതാക്കളുടെ അടുത്ത് എത്തിച്ചത്. 

കുട്ടനാട്: പൊലീസിന്റെ സഹായത്താല്‍ നാടോടി സംഘത്തിലെ നാല് വയസ്സുകാരിക്ക് മാതാപിതാക്കളെ തിരികെ ലഭിച്ചു. ഇന്നലെ വൈകിട്ട് നാലിന് ചങ്ങനാശ്ശേരി ഡിപ്പോയില്‍ നിന്ന് കിടങ്ങറ വഴി എടത്വായിലേക്ക് സര്‍വ്വീസ് നടത്തിയ ബസ്സില്‍ വച്ചായിരുന്നു മൈസൂര്‍ സ്വദേശികളായ ഗണേശ്, ശോഭ ദമ്പതികളുടെ മകള്‍ നാല് വയസ്സുകാരി അനിതയെ നഷ്ടമായത്.

അനിത ബസ്സില്‍ കയറിയപ്പോള്‍ മുന്നിലെ സീറ്റിലിരുന്ന് ഉറങ്ങിപ്പോയി. കിടങ്ങറയില്‍ തമ്പടിച്ചിരുന്ന മാതാപിതാക്കള്‍ കിടങ്ങറയിലെ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ഇറങ്ങി. നാടോടി സംഘത്തിലെ മറ്റുള്ളവരോടൊപ്പം കുട്ടി കാണുമെന്ന് ഗണേശും ശോഭയും കരുതി. എന്നാല്‍ പിന്നീട് കുറച്ച് സമയത്തിന് ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന് ഇവര്‍ അറിയുന്നത്. ആ സമയം കുട്ടി ബസ്സില്‍ ഇരുന്ന് ഉറങ്ങി എടത്വായിലെത്തുകയായിരുന്നു.  എടത്വായില്‍ എത്തിയപ്പോള്‍ ഉറക്കം ഉണര്‍ന്ന കുട്ടി ബഹളം വെച്ചതോടെ ബസ്സിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും എടത്വ പോലീസില്‍ വിവരം അറിയിച്ചു.

പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ തിരക്കി ഇറങ്ങിയപ്പോള്‍ കിടങ്ങറയില്‍ ഇവരുടെ സംഘമുണ്ടെന്ന് സൂചന ലഭിച്ചു. തുടര്‍ന്ന് ഇവിടെ എത്തി കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്ന നാടോടി സംഘത്തിനെ വിവരമറിയിക്കുകയായിരുന്നു. കിടങ്ങറയില്‍ നിന്ന് പൊലീസിനൊപ്പം എടത്വയില്‍ എത്തിയ മാതാപിതാക്കള്‍ക്ക് കുട്ടിയെ കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ കൈമാറി. മൈസൂറില്‍ നിന്ന് കേരളത്തില്‍ മത്സ്യബന്ധനത്തിനായി എത്തിയതായിരുന്നു ഇവര്‍.

click me!