
പാലക്കാട് കട ബാധ്യതയെ തുടർന്ന് പളനിയിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി. പാലക്കാട് ആലത്തൂർ സ്വദേശികളായ സുകുമാരനും ഭാര്യ സത്യഭാമയുമാണ് ജീവനൊടുക്കിയത്. വാട്സാപ്പിൽ ബന്ധുക്കൾക്ക് തങ്ങൾ ജീവനൊടുക്കുകയാണെന്ന് ഇവർ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം പളനിയിലെ ലോഡ്ജിലെ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. പളനി ടൗൺ പോലീസ് ഇവരുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സുകുമാരനും സത്യഭാമയും ഇന്നലെ പുലർച്ചെയാണ് പളനിക്ക് പോയത്. പാലക്കാട് ആലത്തൂരിൽ വീടിനടുത്ത് ചെറിയ പലചരക്ക് കട നടത്തുന്നവരാണ് ഇരുവരും. ചെറിയ രീതിയിൽ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. രണ്ടുമക്കൾ കുടുംബ സമേതം വിദേശത്താണ്. ഇളയമകനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്.
കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ
തിരുവനന്തപുരം ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചാത്തൻ പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജേഷ്, സന്ധ്യയുടെ അമ്മയുടെ സഹോദരി ദേവകി എന്നിവരാണ് മരിച്ചത്.
തട്ടുകട നടത്തിയാണ് മണിക്കുട്ടൻ വരുമാനം കണ്ടെത്തിയിരുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് നിഗമനം. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടേത് കിടക്കയിലുമാണ്. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണോ മരണമെന്ന് പൊലീസ് പരിശോധിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam