
തൃശ്ശൂര്‍: തൃശ്ശൂർ വരവൂരിൽ തൊഴിലുടമയെ ഇതര സംസ്ഥാന തൊഴിലാളി വെട്ടി പരിക്കേൽപ്പിച്ചു. പ്രതി തമിഴ്നാട് സ്വദേശി മുനിച്ചാമി പിന്നീട് പിടിയിലായി. വരവൂർ ചെമ്പത്ത് പറമ്പിൽ വിജയനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പാലയ്ക്കൽ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. തേപ്പ് പണിക്കാരനായ വിജയൻ ബസ് കാത്ത് നിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. വാൾകൊണ്ടുള്ള വെട്ടിൽ, താടിയെല്ലിന് പരിക്കേറ്റു.
വാൾ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ട മുനിച്ചാമിയെ ചെറുതുരുത്തി പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ സമീപത്ത് നിന്ന് പിന്നീട് കണ്ടെത്തി. തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. വിജയനൊപ്പം ജോലി ചെയ്തിരുന്ന ആളാണ് മുനിച്ചാമി. വിജയനുമായുള്ള തർക്കത്തെ തുടർന്നായിരുന്നു വെട്ടിക്കൊല്ലാനുള്ള ശ്രമം.
കഴിഞ്ഞ മാസം ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആസാം സ്വദേശികളായ ബഹ്റുൽ ഇസ്ലാം (18), ജനനത്തുൽ ഹക്ക് (20), മൂർഷിദുൽ ഇസ്ലാം (19), അനാറുൾ ഇസ്ലാം (25), ദിൻ ഇസ്ലാം (22) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പോത്ത്കല്ല് സ്വദേശി നൗഫലിനാണ് പരിക്കേറ്റത്.
വാരപ്പെട്ടിയിലുള്ള പ്ലൈവുഡ് കമ്പനിയിൽ ലോറിയുമായി എത്തിയ നൗഫൽ പ്ലൈവുഡ് ലോഡ് ലോറിയിൽ കയറ്റിയിരുന്നു. തുടർന്ന് ലോഡ് പടുതയിട്ട് മൂടി കെട്ടി മുറുക്കുന്ന ജേലി ചെയ്തിരുന്നവരാണ് അഞ്ച് പ്രതികളും. ഇവർക്ക് നൽകിയ കെട്ട് കൂലി കുറഞ്ഞ് പോയെന്ന് പറഞ്ഞാണ് ആക്രമിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam