പറന്ന് പറന്ന് 'പുള്ള്' നമ്മുടെ പുള്ളിലെത്തി

Published : Nov 23, 2018, 10:58 AM IST
പറന്ന് പറന്ന് 'പുള്ള്' നമ്മുടെ പുള്ളിലെത്തി

Synopsis

ദീര്‍ഘദൂരം ദേശാടനം നടത്തുന്ന പക്ഷികളില്‍ പ്രമുഖരാണ് 'ഫാല്‍കോ അമ്യുറെന്‍സിസ്' എന്ന് ശാസ്ത്രീയ നാമമുള്ള അമ്യൂര്‍ ഫാല്‍ക്കണുകള്‍. ദേശാടത്തിനിടെ 22,000 കിലോമീറ്റര്‍ വരെ ഇവ സഞ്ചരിക്കാറുണ്ടെന്നാണ് നിരീക്ഷണം. തെക്കുകിഴക്കന്‍ സൈബീരിയയിലും വടക്കന്‍ ചൈനയിലുമാണ് ഇവ പ്രജനനം നടത്തുന്നത്

തൃശൂര്‍: ദീര്‍ഘദൂര ദേശാടകനായ ചെങ്കാലന്‍ പുള്ള് (അമൂര്‍ ഫാല്‍ക്കന്‍) തൃശ്ശൂര്‍ കോള്‍പ്പാടത്തെ ദ്വീപുകളിലൊന്നായ പുള്ള് പാടശേഖരത്തിലെത്തി. പക്ഷിനിരീക്ഷകനായ കൃഷ്ണകുമാര്‍ കെ അയ്യരാണ് ദേശാടനത്തിനിടയില്‍ വിശ്രമിക്കാനിറങ്ങിയ പിടപക്ഷിയെ പുള്ളിലെ കോള്‍പ്പാടത്ത് നിരീക്ഷിച്ചത്. റംസാര്‍ ഏരിയയായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുള്ള തൃശൂര്‍-പൊന്നാനി കോള്‍പ്രദേശത്തെ പ്രകൃതിരമണീയമായ ഒരിടമാണ് പുള്ള് ദ്വീപും തൊട്ടപ്പുറത്തെ ചേനം ദ്വീപും. ഇവിടങ്ങളിലേക്ക് ഫാല്‍ക്കണുകളുടെ കൂട്ടക്കളെ പ്രതീക്ഷിക്കുകയാണ് പക്ഷി നിരീക്ഷകരും സംരക്ഷകരും.

ദീര്‍ഘദൂരം ദേശാടനം നടത്തുന്ന പക്ഷികളില്‍ പ്രമുഖരാണ് 'ഫാല്‍കോ അമ്യുറെന്‍സിസ്' എന്ന് ശാസ്ത്രീയ നാമമുള്ള അമ്യൂര്‍ ഫാല്‍ക്കണുകള്‍. ദേശാടത്തിനിടെ 22,000 കിലോമീറ്റര്‍ വരെ ഇവ സഞ്ചരിക്കാറുണ്ടെന്നാണ് നിരീക്ഷണം. തെക്കുകിഴക്കന്‍ സൈബീരിയയിലും വടക്കന്‍ ചൈനയിലുമാണ് ഇവ പ്രജനനം നടത്തുന്നത്. ശൈത്യകാലം ചെലവഴിക്കാന്‍ ഇവ ലോകത്തിന്റെ മറ്റേ അറ്റത്തുള്ള തെക്കേ ആഫ്രിക്കയിലേക്ക് പറക്കും. ഒക്ടോബറിലും നവംബറിലുമായി ദേശാടത്തിനിടെ മൂന്നാഴ്ചക്കാലത്തോളം ഇവ നാഗാലന്‍ഡിലെ മൊക്കോച്ചുങ് ജില്ലയിലുള്ള ചങ്ത്യോ ഗ്രാമത്തില്‍ ചേക്കേറുകയാണ് പതിവ്. ബ്രഹ്മപുത്രയുടെ കൈവഴിയായ ദൊയാങ് നദിയുടെ തീരത്താണിവ കൂട്ടത്തോടെയെത്തുന്നത്.

ഓരോവര്‍ഷവും ഒന്നേകാല്‍ ലക്ഷത്തോളം അമ്യൂര്‍ ഫാല്‍ക്കണുകള്‍ നാഗാലന്‍ഡില്‍ വേട്ടയാടപ്പെടുന്നുണ്ടെന്നാണ് അന്താരാഷ്ട്ര സംഘടനകളുടെ കണക്ക്. ദേശാടത്തിനിടെ നാഗാലന്‍ഡിലെ മൊക്കോച്ചുങ് ജില്ലയിലുള്ള ചങ്ത്യോ ഗ്രാമത്തില്‍ എല്ലാ ഒക്ടോബറിലും നവംബറിലുമെത്തുന്ന അമ്യൂര്‍ ഫാല്‍ക്കണുകളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നു. പക്ഷികളെ വലവിരിച്ചു പിടിച്ച് കൊന്നുതിന്നുകയാണിവിടത്തുകാരുടെ പതിവ്. ദേശാടനക്കിളികളെ സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടിയില്‍ ഒപ്പുവെച്ച ഇന്ത്യ ഈ പ്രാപ്പിടിയന്മാര്‍ക്ക് സുരക്ഷിത പാതയൊരുക്കാന്‍ ബാധ്യസ്ഥരാണെന്ന് അന്താരാഷ്ട്ര സംഘടനകള്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് ഒക്ടോബറിലും നവംബറിലും ജില്ലയില്‍ വന്യമൃഗവേട്ടയ്ക്ക് പൂര്‍ണ നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

നാഗാലാന്റില്‍ തുടങ്ങിയ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായി കഴിഞ്ഞവര്‍ഷങ്ങളില്‍ അമൂര്‍ ഫാല്‍ക്കനുകള്‍ കൂട്ടമായി പാലക്കാട്ടെ മലമ്പുഴയിലും തിരുവനന്തപുരത്തെ വെള്ളായനികായല്‍ പരിസരങ്ങളിലും കണ്ണൂരിലെ മാടായിപ്പാറയിലും എത്തിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി കണ്ടെത്തിയത് കനകമലയിലാണെന്ന് പക്ഷിനിരീക്ഷകരുടെ അന്തര്‍ദേശീയ വെബ്സൈറ്റായ ഇ ബേര്‍ഡ് പറയുന്നു. 2015 നവംബര്‍ 13-ന് കനകമലയില്‍ കണ്ടെത്തിയിരുന്നു. 2016 ഡിസംബറില്‍ മാടായിപ്പാറയിലും ഇവയെ കണ്ടെത്തി. കഴിഞ്ഞദിവസം കണ്ണൂര്‍ വിമാനത്താവള പരിസരത്തും അമൂര്‍ ഫാല്‍ക്കണെത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശശി തരൂരിന്റെ ഇടപെടലിൽ സമ്മതം മൂളി ദേശീയപാത അതോറിറ്റി; കുമരിച്ചന്തയിൽ നിർമ്മിക്കുന്ന വെഹിക്കുലർ അണ്ടർപാസിൽ 30 മീറ്റർ വീതമുള്ള 3 സ്പാനുകൾ
പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ​ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്