വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾ മുതൽ കൊക്കുമുണ്ടികള്‍ വരെ; പതിവ് തെറ്റിക്കാതെ കുട്ടനാട്ടിൽ ദേശാടനപക്ഷികൾ എത്തി

By Web TeamFirst Published May 30, 2019, 1:06 PM IST
Highlights

കുട്ടനാട്ടിലെ പാണ്ടി, ചെറുതന, ആയാപറമ്പ്, ചെക്കിടിക്കാട്, കേളമംഗലം എന്നീ പ്രദേശങ്ങള്‍ പക്ഷി സങ്കേതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പക്ഷികളുടെ വംശനാശഭീഷണി നേരിടുന്ന തരത്തില്‍ പക്ഷിവേട്ടയും പറവകളെ ഓടിക്കാനുള്ള കരിമരുന്നു പ്രയോഗവും നടത്തരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല.

ഹരിപ്പാട്: കുട്ടനാട്ടിൽ ദേശാടനപക്ഷികള്‍ ഇത്തവണയുമെത്തി. കുട്ടനാട്, അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ കൊയ്‌തൊഴിഞ്ഞ പാടത്താണ് ദേശാടനപ്പക്ഷികള്‍ വന്നെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികള്‍ മുതല്‍ പാടത്തെ സ്ഥിരം വിരുന്നുകാരായ കൊക്കുമുണ്ടികള്‍വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു. 

വേഴാമ്പല്‍, മഞ്ഞക്കൊക്ക്, താമരക്കോഴി, കുളക്കോഴി, ചാരക്കോഴി, എരണ്ട എന്നിവര്‍ പാടത്തെ സ്ഥിരം സന്ദര്‍ശകരായി മാറി. കുട്ടനാട്ടില്‍ കൃഷിയുടെ ആരംഭത്തിലും വിളവെടുപ്പ് കഴിയുമ്പോഴുമാണ് വിദേശയിനം പക്ഷികളുള്‍പ്പെടെ ആയിരക്കണക്കിനു പക്ഷികള്‍ എത്തുന്നത്. ചെറുമീനുകള്‍ ഇഷ്ട ഭക്ഷണമായ ഇവര്‍ കൂട്ടംകൂടിയാണ് ഇരതേടാന്‍ വരുന്നത്. കാലാവസ്ഥയിലെ മാറ്റമോ, ഭക്ഷണലഭ്യതയിലെ മാറ്റമോ, ഇണചേരാനുള്ള കാലമാകുമ്പോഴോ ആണ് ഇവകള്‍ എത്താറുള്ളതെന്നാണ് വിദ​ഗ്ദരുടെ അഭിപ്രായം. ദേശാടനപക്ഷികള്‍ ഉള്‍പ്പെടെ 500ല്‍ അധികം പക്ഷിവര്‍ഗങ്ങളുടെ ഈറ്റില്ലമായി നമ്മുടെ നാട് മാറി. കൂട്ടമായെത്തുന്ന പക്ഷികളെ വീക്ഷിക്കാനും ചിത്രമെടുക്കാനും വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകള്‍ കുട്ടനാട്ടില്‍ എത്താറുണ്ട്.

പൊന്തക്കാടുകളില്‍ രാത്രി ചേക്കേറാനെത്തുന്ന പക്ഷികള്‍ രാവിലെ ഇരതേടുന്നത് കൊയ്ത്തു കഴിഞ്ഞ പാടത്താണ്.  വര്‍ഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങള്‍ ഇവര്‍ സങ്കേതമാക്കുന്നു. മുട്ടയിട്ട് അടയിരുന്നു വിരിയിക്കുന്ന പക്ഷികള്‍ പൊന്തക്കാടുകളില്‍ നിത്യകാഴ്ചയാണ്. വംശനാശ ഭീഷണി നേരിടുന്ന മഞ്ഞക്കൊക്ക്, നീലക്കോഴി ഇനത്തില്‍പെട്ട പക്ഷികള്‍ വരെ ഇക്കൂട്ടത്തില്‍ കാണാം. തണ്ണീര്‍ തടങ്ങള്‍ നശിക്കുന്നത് പക്ഷികളുടെ ഭക്ഷണത്തെ നല്ലരീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. 

കുട്ടനാട്ടിലെ പാണ്ടി, ചെറുതന, ആയാപറമ്പ്, ചെക്കിടിക്കാട്, കേളമംഗലം എന്നീ പ്രദേശങ്ങള്‍ പക്ഷി സങ്കേതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പക്ഷികളുടെ വംശനാശഭീഷണി നേരിടുന്ന തരത്തില്‍ പക്ഷിവേട്ടയും പറവകളെ ഓടിക്കാനുള്ള കരിമരുന്നു പ്രയോഗവും നടത്തരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല. പക്ഷി സങ്കേതമായി പതിറ്റാണ്ടുമുമ്പ് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സര്‍ക്കാരിന്റെ ബോര്‍ഡ് മാത്രമെ ബാക്കിയുള്ളു. പക്ഷി നിരീക്ഷണത്തിനോ സംരക്ഷണത്തിനോ ഇവിടെ സംവിധാനങ്ങളില്ല. പരിസ്ഥിതി പ്രവര്‍ത്തകര്‍ പോലും കുട്ടനാട്ടിലെ പക്ഷിസങ്കേതം മറന്ന മട്ടാണ്. 
 

click me!