ഇത് മിലാഷ; കിളിമഞ്ജാരോയുടെ നെറുകയില്‍ ദേശീയപതാക പാറിച്ചവള്‍

By Web TeamFirst Published Nov 10, 2021, 6:09 PM IST
Highlights

അയര്‍ലണ്ടിലെ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ ഓഫീസറായി ജോലിചെയ്യുന്ന ചേര്‍ത്തല മാരാരിക്കുളം ചൊക്കംതയ്യില്‍ റിട്ട. ഗവണ്‍മെന്റ് ഐടിഐ പ്രിന്‍സിപ്പല്‍ ജോസഫ് മാരാരിക്കുളത്തിന്റെയും ബിബി ജോസഫിന്റെയും മകളാണ് മിലാഷ.
 

ആലപ്പുഴ: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ജാരോ കൊടുമുടിയുടെ (Mount Kilimanjaro) നെറുകയില്‍ നിന്നും മിലാഷാ ജോസഫ് (Milasha Jpseph) പറഞ്ഞു. 'മനസ്സുറപ്പിച്ചാല്‍ ഏതുപെണ്ണിനും ഏതുയരവും കീഴടക്കാം'. സ്ത്രീമുന്നേറ്റമെന്ന സന്ദേശവുമായി 5895 മീറ്റര്‍ ഉയരം താണ്ടിയാണ് മലയാളിയായ മിലാഷാ കിളിമഞ്ജാരോ കീഴടക്കിയത്. വെല്ലുവിളികള്‍ കടന്നാണ് ഈ മാരാരിക്കുളത്തുകാരി നവംബര്‍ ആറിന് രാവിലെ 8.23ന് കൊടുമുടിയുടെ ഉയരത്തിലെത്തി ഇന്ത്യന്‍പതാക പറത്തിയത്. അയര്‍ലണ്ടിലെ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ ഓഫീസറായി ജോലിചെയ്യുന്ന ചേര്‍ത്തല മാരാരിക്കുളം ചൊക്കംതയ്യില്‍ റിട്ട. ഗവണ്‍മെന്റ് ഐടിഐ പ്രിന്‍സിപ്പല്‍ ജോസഫ് മാരാരിക്കുളത്തിന്റെയും ബിബി ജോസഫിന്റെയും മകളാണ് മിലാഷ.

അഡൈ്വസര്‍ ഹീറോ എന്ന ഏജന്‍സി വഴിയാണ് പര്‍വതാരോഹണത്തിനായിറങ്ങിയത്. ഒറ്റക്കുള്ള ശ്രമത്തില്‍ മറാംഗുറൂട്ടാണ് തിരഞ്ഞെടുത്തത്. അഞ്ചുദിനം കൊണ്ടാണ് ശ്രമം വിജയിച്ചത്. മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകള്‍ക്ക് ശേഷമായിരുന്നു മലകയറ്റം. പൊതുവെയുള്ള ശ്വാസതടസ്സമെന്ന വെല്ലുവിളി അതിജീവിച്ചായിരുന്നു കയറ്റം. പലപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ കൂടുതല്‍ സമയം ഇടവേളകളെടുത്താണ് ലക്ഷ്യത്തിലെത്തിയത്. മൂന്നു പോര്‍ട്ടര്‍മാരും ഒരുഷെഫും ഗൈഡുമാണ് സഹായത്തിനുണ്ടായിരുന്നത്. 

കിളിമഞ്ജാരോ കൊടുമുടി

ഏതു സ്ത്രീക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്താന്‍ തടസ്സങ്ങളില്ല മനസ്സുറപ്പുമാത്രം മതി. അതുതെളിയിക്കാനാണ് വെല്ലുവിളികളുമായി മലകയറ്റത്തിനിറങ്ങിയതെന്ന് മിലാഷാ ജോസഫ് പറഞ്ഞു. 5895 മീറ്റര്‍ ഉയരത്തില്‍ ഇന്ത്യന്‍ പതാക സ്ഥാപിച്ചപ്പോള്‍ നിറഞ്ഞ അഭിമാനമായിരുന്നു. ആ ആഭിമാനം മലകടന്നിറങ്ങിയത് മലയാളനാട്ടിലേക്കും. വിവിധ മലയാളി സംഘടനകളടക്കം മിലാഷക്ക് അഭിനന്ദനവുമായെത്തി. അര്‍പ്പണത്തോടെ ഏതുലക്ഷ്യവും നേടാമെന്ന് മകള്‍ ഇതിനു മുമ്പും തെളിയിച്ചിട്ടുണ്ടെന്ന് അച്ഛന്‍ ജോസഫ് മാരാരിക്കുളം പറഞ്ഞു. മകളുടെ നേട്ടത്തില്‍ നിറഞ്ഞ ആഹ്ലാദത്തിലാണ് കുടുംബം. ഓട്ടോമൊബൈല്‍ എന്‍ജിനീയറായ മിഖിലേഷ് ജോസഫാണ് സഹോദരന്‍.

click me!