
തൃശൂര്‍: പുതുക്കാട് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട. ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് കട അടപ്പിച്ചു. പുതുക്കാട് സിഗ്‌നല്‍ ജംക്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്. പുതുക്കാട് കേരള ബാങ്കിലെ ജീവനക്കാര്‍ വാങ്ങിയ വറവ് പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പരിപ്പുവടയില്‍ നിന്നാണ് തേരട്ടയെ കിട്ടിയത്.
പാതി കഴിച്ചപ്പോഴായിരുന്നു പരിപ്പുവടയുടെ മാവിനകത്തായി തേരട്ടെയെ കണ്ടത്. ഉടന്‍ തന്നെ ബാങ്ക് ജീവനക്കാര്‍ ആരോഗ്യ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. പുതുക്കാട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജേഷിന്റെ നേതൃത്വത്തി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം ബേക്കറി അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നാലുപേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഹെത്ത് കാര്‍ഡ് ഉള്ളതെന്നും രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന കടയില്‍ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അബ്ദുല്‍ റസാഖ്, നിമ്മി, പഞ്ചായത്ത് തല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജി ഗീതു പ്രിയ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam