ഇപ്പ ശരിയാക്കാം, ചെറിയേ 'ജോയ്' ഇങ്ങെടുത്തേ; എഫ് 35ബിയെ പരസ്യത്തിലാക്കി മിൽമയും, മുതലെടുക്കയാണോ സജീയെന്ന് സോഷ്യൽ മീഡിയ

Published : Jul 03, 2025, 08:17 AM IST
fighter jet f35b - Milma

Synopsis

മിൽമയുടെ വിവിധ ഫ്ലേവറുകളിൽ ലഭിക്കുന്ന കൂൾ ഡ്രിംഗ്സ് ആണ് 'ജോയ്'. തകരാറിലായ വിമാനത്തിനടുത്തിരുന്ന് പൈലറ്റ് ‘ജോയ്’ കുടിക്കുന്ന ചിത്രത്തോടെയാണ് മിൽമയുടെ പരസ്യം.

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35ബിയെ വച്ച് ടൂറിസം വകുപ്പ് വിനോദ സഞ്ചാര പരസ്യവുമായി രംഗത്തെത്തിയത് വൈറലായിരുന്നു. ഇപ്പോഴിതാ മിൽമയും ബ്രിട്ടീഷ് യുദ്ധവിമാനത്തെ വെച്ച് ചെയ്ത പരസ്യവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 'അല്ലെങ്കിലും ഒരു കൂള്‍ ബ്രേക്ക് ആരാ ആഗ്രഹിക്കാത്തത്, എൻ'ജോയ്' എന്നാണ് മിൽമയുടെ പരസ്യം. മിൽമയുടെ വിവിധ ഫ്ലേവറുകളിൽ ലഭിക്കുന്ന കൂൾ ഡ്രിംഗ്സ് ആണ് 'ജോയ്'. തകരാറിലായ വിമാനത്തിനടുത്തിരുന്ന് പൈലറ്റ് ‘ജോയ്’ കുടിക്കുന്ന ചിത്രത്തോടെയാണ് മിൽമയുടെ പരസ്യം. 'ഇപ്പ ശരിയാക്കിത്തരാം, ആ ചെറിയ 'ജോയ്' ഇങ്ങെടുത്തേ എന്ന ക്യാപ്ഷനോടെയെുള്ള പരസ്യവും വൈറലായിരിക്കുകയാണ്.

കേരളം അത്രയും മനോഹരമായ സ്ഥലമാണെന്നും തിരികെ പോവേണ്ടെന്നും എഫ് 35ബി വിമാനം കേരളത്തിന് റിവ്യൂ നൽകുന്ന രീതിയിലായിരുന്നു സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ പുതിയ പരസ്യം. വീണിടം വിദ്യയാക്കുന്ന മാർക്കറ്റിംഗ് സ്ട്രാറ്റജിയെന്ന പേരിലാണ് പരസ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. വിനോദ സഞ്ചാര വകുപ്പിന്റെയും മിൽമയുടേയും പരസ്യത്തെ കൈ നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളികൾ. കേരളം അതിമനോഹരം ഇവിടം വിട്ടുപോകാൻ തോന്നുന്നില്ല എന്ന തലക്കെട്ടോടെയായിരുന്നു കേരളാ ടൂറിസത്തിന്റെ സമൂഹമാധ്യമ പേജുകളിൽ പ്രത്യക്ഷപ്പെട്ട പരസ്യ വാചകം. മുതലെടുക്കണയാണാ സജീ എന്ന് ആരും ചോദിച്ചുപോകും. കേരളത്തിന്റെ വകയായി ഒരു ആയുർവേദ തിരുമ്മലും പിഴിച്ചിലും നടത്തി അവസാനം എഫ് 35 ബി ആകാശത്തേക്ക് പറക്കുന്നിടത്ത് പടം ഫിനിഷെന്നാണ് ആശംസ.

ഏകദേശം ആയിരം കോടിരൂപയ്ക്ക് അടുത്ത് വിലയുണ്ട്. റഡാറിൽ പതിയാതെ പറക്കാൻ കഴിയുന്ന അത്യാധുനിക വിമാനമെന്നാണ് എഫ് 35ബിയെക്കുറിച്ചുള്ള വാഴ്ത്ത്. പക്ഷേ പറഞ്ഞിട്ട് എന്താ കാര്യം. കേരളത്തില്‍ ലാന്‍ഡ് ചെയ്തതോടെ ലോകത്ത് മറ്റൊരു അഞ്ചാം തലമുറ യുദ്ധവിമാനത്തിനും നേരിടേണ്ടി വരാത്ത ട്രോളും ചുമന്ന് കിടക്കുകയാണ് ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35 ബി. മഴയും വെയിലുമൊക്കെ കൊണ്ട് ഒരേ കിടപ്പ്. ഈ അവസ്ഥയില്‍ ആദ്യം ഏതോ ഒരു വിരുതന്‍ എഫ് 35 ബിയെ എടുത്ത് ഒഎല്‍എക്സില്‍ ഇട്ടെന്നൊരു പ്രചാരണം എത്തി. പിന്നീട് അത് ട്രോളാണെന്ന് തെളിഞ്ഞെങ്കിലും അവിടെ തുടങ്ങിയ അപമാനം ഇപ്പോഴും തുടരുകയാണ്.

യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്താന്‍ വിദഗ്ധരുടെ ആദ്യസംഘം ഇന്ന് ബ്രിട്ടനില്‍നിന്ന് തിരുവനന്തപുരത്ത് എത്തുമെന്നാണ് അറിയിപ്പ്. അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി ആദ്യമായാണ് ഇന്ത്യയിലെ ഒരു വിമാനത്താവളത്തില്‍ നടക്കാന്‍ പോകുന്നത്. ജൂണ്‍ 14നാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ലാന്‍ഡിങ്ങിനു ശേഷം നടത്തിയ പരിശോധനയില്‍ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. വിദഗ്ധര്‍ എത്തി പരിശോധിച്ചിട്ടും തകരാർ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടുപോയത്.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്