കലവൂരിലെ ആധാരമെഴുത്തുകാരി എസ്. ലളിത (61) വാഹനാപകടത്തിൽ മരിച്ചു. മണ്ണഞ്ചേരിയിൽ വെച്ച് ഇവർ യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ ഇരുചക്ര വാഹനം ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ ലളിതയുടെ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

മണ്ണഞ്ചേരി: കലവൂരിലെ ആധാരമെഴുത്തുകരി വാഹനാപകടത്തിൽ മരിച്ചു. മാരാരിക്കുളം സബ്ബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ ആധാരമെഴുത്തുകാരിയും വെണ്ടറുമായ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാർഡ് എസ്.എൽ. പുരം ചിത്രശാലയിൽ എസ്. ലളിതയാണ് (61) മരിച്ചത്. കലവൂരിലെ ഓഫീസിൽ നിന്നും ബുധൻ ഉച്ചയോടെ പ്ലസ് ടു വിദ്യാർത്ഥിയായ മകൻ്റെ തണ്ണീർമുക്കത്തെ സ്കൂളിലേക്കുള്ള യാത്രയിൽ ലളിത സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷയിലേക്ക് മണ്ണഞ്ചേരി - അമ്പലമുക്ക് ജംഗ്ഷനിൽ വടക്കുനിന്നും വന്ന ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇടിയുടെ ആഘാതത്തിൽ ലളിത ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണു. വീഴ്ചയിൽ തലക്ക് ഗുരുതരമായ പരുക്ക് പറ്റി. കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം നാളെ വീട്ടു വളപ്പിൽ നടക്കും. ഭർത്താവ്: പരേതനായ ശാന്തകുമാർ. മക്കൾ: ചിത്ര, ശ്യാം. മരുമകൻ: ഷാൻ