
തിരുവനന്തപുരം: ടോൾ കൊടുക്കാൻ മടിച്ച് മിനിബസ്സുമായി വൺ വേ തെറ്റിച്ചു വന്ന ഡ്രൈവർക്ക് യുവാവിന്‍റെ വക പണി. നിരന്തരം അപകടം നടക്കുന്ന ഒരു മേഖലയാണ് കോവളം കാരോട് ബൈപ്പാസിലെ ആണ് തിരുവല്ലം മുതൽ കോവളം വരെയുള്ള ഭാഗം. പലപ്പോഴും അശ്രദ്ധമായ ഡ്രൈവിങ് ആണ് ഈ റോഡിൽ അപകടം വരുത്തി വെയ്ക്കുന്നത്. ഇത്തരത്തിൽ അപകടം വരുത്തി വെയ്ക്കുമായിരുന്ന മിനി ബസ് ഡ്രൈവറെ തടഞ്ഞ് വാഹനം ശരിയായ വഴിക്ക് തിരികെ പറഞ്ഞു വിട്ട യുവാവിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
മോഷണം പതിവ്, പാലക്കാട് വീട്ടിൽ സിസിടിവി സ്ഥാപിച്ച് അബ്ദുൽ ഗഫൂർ, ദൃശ്യങ്ങളിൽ കണ്ടത്! വീഡിയോ
സംഭവം ഇങ്ങനെ
ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. തിരുവല്ലം ഭാഗത്ത് നിന്ന് കോവളം ഭാഗത്തേക്ക് പോയ മിനി ബസ് ഡ്രൈവർ ടോൾ പ്ലാസയിൽ എത്തി ഫാസ്റ്റ് ടാഗ് സ്കാൻ ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഇരട്ടി തുക നൽകാൻ മടിച്ച മിനി ബസ് ടോൾ പ്ലാസയ്ക്ക് സമീപം നിന്ന് യൂ ടേൺ എടുത്ത് അതേ റോഡിൽ വൺ വേ തെറ്റിച്ച് തിരുവല്ലം ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു. സമീപത്ത് സർവീസ് റോഡ് ഉണ്ടായിരുന്നുയെങ്കിലും മിനി ബസ് ഡ്രൈവർ പ്രധാന റോഡിന്റെ ഒരു വശം ചേർന്ന് വേഗത്തിൽ ഓടിച്ചു വരികയായിരുന്നു. ഈ സമയം ഇതേ റോഡിൽ കോവളം ഭാഗത്തേക്ക് പോവുകയായിരുന്ന രോഹൻ കൃഷ്ണ എന്ന യുവാവ് ഇത് കാണുകയും തുടർന്ന് ബസിനു മുന്നിലായി കാർ നിറുത്തുകയും ചെയ്തു. ഡ്രൈവറോട് ബസ് തിരികെ കൊണ്ട് പോകാൻ ആവശ്യപ്പെട്ടെങ്കിലും ബസ് ഡ്രൈവർ ആദ്യം തയ്യാറായില്ല. പിന്നമാറാൻ രോഹനും തയ്യാറായില്ല.
ഇതോടെ ഡ്രൈവർ ബസിൽ നിന്ന് ഇറങ്ങി കാറിന്‍റെ അടുത്ത് എത്തി. ഡ്രൈവറുടെ അശ്രദ്ധ വരുത്തി വെയ്ക്കാവുന്ന അപകടത്തെ കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോൾ ക്ഷുഭിതനായ ഡ്രൈവർ മറ്റു വഴികൾ ഇല്ലാതെ തിരികെ പോകാൻ തയ്യാറാവുകയായിരുന്നു എന്ന് രോഹൻ പറയുന്നു. മിനി ബസ് തിരിക്കുന്നതിനിടെ, ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് റോഡ് വശത്തെ ഡിവൈഡറിൽ ബസ് തട്ടി. ഇതിലും ക്ഷുഭിതനായ ഡ്രൈവർ വാഹനം റോഡ് വശത്ത് പാർക്ക് ചെയ്ത ശേഷം തിരികെ എത്തി കാറിൽ ഉണ്ടായിരുന്ന തന്നോട് കയർത്ത് സംസാരിച്ചതായി രോഹൻ പറഞ്ഞു. ഒരുപാട് യാത്രക്കാരുടെ ജീവൻ പൊലിഞ്ഞെക്കാവുന്ന വിധം കടന്നു വന്ന ബസ് ഡ്രൈവറുടെ പ്രവർത്തി ഒരിക്കലും ന്യായികരിക്കപ്പെടാൻ പറ്റാവുന്ന ഒന്നല്ല എന്നും അതിനാൽ ആണ് തടഞ്ഞത് എന്നും രോഹൻ പറഞ്ഞു. എതിർ ദിശയിൽ തനിക്ക് പകരം പ്രായമായവരോ മറ്റോ ആണ് വന്നിരുനന്ത എങ്കിൽ ചിലപ്പോൾ വലിയൊരു അപകടം തന്നെ സംഭവിക്കാമായിരുന്നു എന്ന് രോഹൻ പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ രോഹൻ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു.