846 കായികതാരങ്ങൾക്ക് സർക്കാർ സർവീസില്‍ ജോലി നൽകി, ചെറുവാടിയിൽ പുതിയ സ്റ്റേഡിയത്തിന്‍റെ നിർമാണോദ്ഘാടനം നിർവഹിച്ച് മന്ത്രി അബ്ദുറഹിമാൻ

Published : Sep 22, 2025, 03:49 PM IST
v abdurahiman

Synopsis

കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ചെറുവാടിയില്‍ പുതിയ സ്റ്റേഡിയത്തിന് തറക്കല്ലിട്ടു. ഈ സർക്കാർ 846 കായികതാരങ്ങൾക്ക് ജോലി നൽകിയെന്നും, ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിലൂടെ സംസ്ഥാനത്ത് കായിക വികസനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു

കോഴിക്കോട്: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 846 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ സാധിച്ചുവെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുവാടിയില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ പ്രവൃത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദേശീയ ചാമ്പ്യന്‍ഷിപ്പ്, ഒളിമ്പിക്‌സ് തുടങ്ങിയവയില്‍ വിജയികളായ എല്ലാവര്‍ക്കും ജോലി നല്‍കാന്‍ സാധിച്ചു. 240 ഓളം കായിക താരങ്ങള്‍ക്ക് പുതുതായി ജോലി നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും സര്‍ക്കാര്‍ സര്‍വീസില്‍ ഇത്തരത്തില്‍ കായിക താരങ്ങള്‍ക്ക് ജോലി നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ സ്റ്റേഡിയങ്ങളും കളിക്കളങ്ങളും നിര്‍മിക്കുന്നതിന് 2000 കോടിയിലധികം രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. കിഫ്ബി വഴിയുള്ള 1200 കോടിയില്‍ 700 കോടിയോളം രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെന്നും മന്ത്രി വി അബ്ദുറഹിമാൻ വിവരിച്ചു.

ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി

എം എല്‍ എമാരുടെ ആസ്തി വികസന ഫണ്ടുകള്‍, തദ്ദേശ വകുപ്പുകളുടെ ഫണ്ടുകള്‍ എന്നിവയെല്ലാം ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനായിട്ടുണ്ട്. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയിലൂടെ 267 പഞ്ചായത്തുകളിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അതില്‍ 67 എണ്ണം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. എല്ലാ പഞ്ചായത്തിലും ഒരു കായിക പരിശീലകനെ നല്‍കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്. ലഭ്യമായിട്ടുള്ള ഓരോ കളിക്കളങ്ങളിലും കായിക പരിശീലനം ഉറപ്പുവരുത്താന്‍ സാധിക്കും. ഇതിലൂടെ യുവാക്കളിലെ ലഹരി ഉപയോഗം കുറക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

എം എല്‍ എയുടെ നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം

കായിക വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപയും ലിന്റോ ജോസഫ് എം എല്‍ എയുടെ നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപയും ചേര്‍ത്ത് ഒരു കോടി രൂപ ചെലവിലാണ് ചെറുവാടിയില്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ സ്റ്റേഡിയങ്ങളും കളിക്കളങ്ങളും നിര്‍മിക്കുന്നതിന് 2000 കോടിയിലധികം രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. കിഫ്ബി വഴിയുള്ള 1200 കോടിയില്‍ 700 കോടിയോളം രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെന്നും മന്ത്രി വി അബ്ദുറഹിമാൻ വിവരിച്ചു. ചടങ്ങില്‍ ലിന്റോ ജോസഫ് എം എല്‍ എ അധ്യക്ഷനായി. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍, ജില്ലാ - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്