
കൊല്ലം: സ്വകാര്യ ബസുകളുടെ ഹോൺ അടിക്കും മരണപ്പാച്ചിലിനുമെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സ്വകാര്യ ബസുകളുടെ ഹോൺ അടി പൊതു ശല്യം ആണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദേശത്ത് ഒക്കെ ആണേൽ ഈ ഹോൺ അടി കേട്ട് ദേഷ്യം വരുന്നവർ തോക്ക് എടുത്ത് വെടി വെച്ച് കളയുമെന്നും ഗണേഷ് പറഞ്ഞു. ആദ്യമെത്താൻ ഉള്ള മരണപ്പാച്ചിലാണ് സ്വകാര്യ ബസുകൾ നടത്തുന്നത്. ഇത് അനുവദിക്കില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. നേരത്തെ കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെയും മന്ത്രി ഗണേഷ് വെല്ലുവിളിച്ചിരുന്നു. എത്ര വേണമെങ്കിലും പണിമുടക്ക് നടത്തിക്കോളൂ എന്നും സ്വകാര്യ ബസ് പണിമുടക്കുള്ള റൂട്ടുകളിൽ കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
സ്വകാര്യ ബസുകളുടെ പണിമുടക്കിനെ നേരിടാൻ ആവശ്യത്തിനുള്ള കെ എസ് ആർ ടി സി ബസുകൾ ഇന്നലെ രാത്രി തന്നെ കൊച്ചിയിൽ എത്തിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാർ വിവരിച്ചു. സ്വകാര്യ ബസുകൾ പണിമുടക്ക് എത്ര കാലം തുടരുമെന്ന് നോക്കട്ടെയെന്ന് പറഞ്ഞ മന്ത്രി, പണി മുടക്കുന്ന ബസുകളുടെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി. ബസ് സർവീസ് അവശ്യ സർവീസാണ്. യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ ആരെയും അനുവദിക്കില്ല. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.
മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയ യുവതിക്ക് നേരിട്ട ദുരനുഭവത്തിലും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ രൂക്ഷമായി പ്രതികരിച്ചു. മൂന്നാറിൽ നടക്കുന്നത് ഗുണ്ടായിസമെന്നാണ് ഗണേഷ് അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിൽ മോട്ടോർ വാഹനവകുപ്പ് കർശന നടപടി സ്വീകരിക്കും. യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും അപമര്യാത കാണിച്ച ഡ്രൈവർമാർക്കും ഒത്താശചെയ്ത പൊലീസുകാർക്കും എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി വിവരിച്ചു. അനധികൃതമായും സമയം തെറ്റിച്ചും ഓടുന്ന വാഹനങ്ങൾ പിടികൂടുമെന്നും മന്ത്രി പറഞ്ഞു. യാത്രയ്ക്ക് ഓൺലൈൻ ടാക്സി വിളിച്ച മുംബൈ സ്വദേശിനിയെ ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നും ഗണേഷ് അഭിപ്രായപ്പെട്ടു.
അതേസമയം മൂന്നാറിൽ മുബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടു ടാക്സി ഡ്രൈവര്‍മാര്‍ പിടിയിലായിട്ടുണ്ട്. മൂന്നാര്‍ സ്വദേശികളായ വിനായകൻ, വിജയകുമാര്‍ എന്നിവരെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീഡിയോവിൽ നിന്ന് ഇവരെ പൊലീസ് തിരിച്ചറിയുകയായിരുന്നു. ഈ വീഡിയോ ആണ് പ്രതികളെ തിരിച്ചറിയുന്നതിൽ നിര്‍ണായകമായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam