
ആലപ്പുഴ: മാവേലിക്കര കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിയായ എട്ട് വയസുകാരിയ്ക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മിഠായിപ്പൊതിയെത്തി. കിണറ്റില്‍ വീണ മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകന്‍ ഇവാനിനെ (അക്കു) മൂത്ത സഹോദരി ദിയയാണ് രക്ഷിച്ചത്.
ഇതു സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ കുട്ടിക്ക് തന്റെ വകയൊരു മധുരം നല്‍കാന്‍ മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ എ ജിതേഷിനോട് മന്ത്രി പറഞ്ഞു. അദ്ദേഹം നേരിട്ട് കുട്ടിയുടെ വീട്ടിലെത്തിയാണ് മിഠായിപ്പൊതി കൈമാറിയത്.
ഡോക്ടറുടെ ഫോണില്‍ മന്ത്രി വീണാ ജോര്‍ജ് വീഡിയോകോള്‍ ചെയ്ത് കുട്ടിയുമായി സംസാരിച്ചു. കുട്ടിക്ക് മന്ത്രി എല്ലാവിധ ആശംസകളും നേര്‍ന്നു. മിടുക്കിയായി പഠിച്ചു വളരണം. കുട്ടിയുടെ അമ്മയുമായും സന്തോഷം പങ്കുവച്ചു. ദിയയുടെ സഹോദരനോടുള്ള സ്‌നേഹം തന്റെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നതായി മന്ത്രി പറഞ്ഞു.
ഇവാന്‍ 20 അടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത്. ശബ്ദംകേട്ട് ഓടിയെത്തിയ ദിയ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി അനുജനെ ഉയര്‍ത്തിയ ശേഷം പൈപ്പില്‍ പിടിച്ച് തൂങ്ങിക്കിടന്നു. ഓടിയെത്തിയ പ്രദേശവാസികള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി ഇരുവരെയും മുകളില്‍ എത്തിക്കുകയായിരുന്നു.
ദിയയും അനുജത്തി ദുനിയയും മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. എല്ലാവരുടേയും കണ്ണുവെട്ടിച്ച് കിണറിന്റെ ഭാഗത്തേക്ക് പോയ ഇവാന്‍ ഇരുമ്പുമറയുള്ള കിണറിന്റെ പൈപ്പില്‍ ചവിട്ടി മുകളിലേക്ക് കയറുകയും തുരുമ്പിച്ച ഇരുമ്പുമറയുടെ നടുഭാഗം തകര്‍ന്ന് 20 അടിയോളം താഴ്ചയിലേക്ക് വീഴുകയുമായിരുന്നു. നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ ദിയ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി ഇവാനെ ഉയര്‍ത്തി പൈപ്പില്‍ തന്നെ തൂങ്ങി കിടക്കുകയായിരുന്നു.
വിവരം അറിഞ്ഞ് ഓടിയെത്തിയ പ്രദേശവാസികള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി ആദ്യം ഇവാനിനെ മുകളിലെത്തിച്ചു. കിണറ്റിലേക്കിട്ട കയറില്‍ തൂങ്ങിപ്പിടിച്ചു ദിയയും കയറി. തലയില്‍ ചെറിയ മുറിവേറ്റ ഇവാനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. വെട്ടിയാര്‍ ഇരട്ടപ്പള്ളിക്കൂടം സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിയ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam