അറ്റകുറ്റപ്പണിക്ക് സാങ്കേതിക തടസം; കരാര്‍ കമ്പനി ഉദ്യോഗസ്ഥന് നേരെ പൊട്ടിത്തെറിച്ച് മന്ത്രി

By Web TeamFirst Published Dec 22, 2021, 9:19 AM IST
Highlights

സാങ്കേതിക കാരണങ്ങളാലാണ് അറ്റകുറ്റപ്പണി വൈകുന്നതെന്നായിരുന്നു കമ്പനിക്ക് വേണ്ടി യോഗത്തില്‍ പങ്കെടുത്ത ജൂനിയര്‍ ഉദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചത്. നിര്‍മ്മാണത്തിനായുള്ള മണ്ണ് ആരെത്തിക്കുമെന്ന തര്‍ക്കമായിരുന്നു സാങ്കേതിക കാരണം. 

തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നത് സംബന്ധിച്ച യോഗത്തില്‍ കരാര്‍ കമ്പനി ഉദ്യോഗസ്ഥനോട് പൊട്ടിത്തെറിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് (P A Mohammed Riyas). കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന ശംഖുമുഖം വിമാനത്താവളം റോഡ്(Shankhumugham beach road) നന്നാക്കുന്നത് സംബന്ധിച്ച ചര്‍ച്ചയിലാണ് മന്ത്രിയുടെ അപ്രതീക്ഷിത പ്രതികരണം. കഴിഞ്ഞ ഏഴുമാസത്തോളമായി തകര്‍ന്നുകിടക്കുകയാണ് ഈ റോഡ്. റോഡ് നിര്‍മാണം ഏറ്റെടുത്ത കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പൊതുമരാമത്ത് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതിരുന്നതാണ് പി എ മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചത്. 

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് കഴിഞ്ഞ 221 ദിവസമായി അടച്ചിട്ട നിലയിലാണ്. വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രികള്‍ ബാഗുകളും ട്രോളികളും വലിച്ച് ഇതിലെ കൂടി പോകേണ്ട ഗതികേടും നേരിടുന്ന സാഹചര്യത്തിലാണ് മന്ത്രി ഉന്നതതലയോഗം വിളിച്ചുചേര്‍ത്തത്.  സാങ്കേതിക കാരണങ്ങളാലാണ് അറ്റകുറ്റപ്പണി വൈകുന്നതെന്നായിരുന്നു കമ്പനിക്ക് വേണ്ടി യോഗത്തില്‍ പങ്കെടുത്ത ജൂനിയര്‍ ഉദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചത്. നിര്‍മ്മാണത്തിനായുള്ള മണ്ണ് ആരെത്തിക്കുമെന്ന തര്‍ക്കമായിരുന്നു സാങ്കേതിക കാരണം. കരാറുകാര്‍ തന്നെ മണ്ണ് എത്തിക്കണമെന്ന് പൊതുമരാമത്ത് ഇദ്യോഗസ്ഥര്‍ വിശദമാക്കി.

ഇതിന് പിന്നാലെയായിരുന്നു മന്ത്രി പൊട്ടിത്തെറിച്ചത്. അറ്റകുറ്റപ്പണി തീരാത്തതും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാത്തതിനും മന്ത്രി കരാര്‍ കമ്പനി ഉദ്യോഗസ്ഥന് നേരെ പൊട്ടിത്തെറിച്ചു. ഒരുപാട് നല്ല പ്രവര്‍ത്തികള്‍ ചെയ്തിട്ടുള്ള കമ്പനി അതുകൊണ്ട് എല്ലാമായി എന്നുള്ള ധാരണ പുലര്‍ത്തരുതെന്നും മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിളിക്കുന്ന യോഗത്തിലേ നിങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തുകയുള്ളോയെന്നും മന്ത്രി ചോദിച്ചു. വീഴ്ച ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാവുമെന്ന് മന്ത്രി വിശദമാക്കിയതോടെ അറ്റകുറ്റപ്പണിയിലെ സാങ്കേതിക തടസം നീങ്ങി. ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാക്കുമെന്ന വിശദമായ റിപ്പോര്‍ട്ട് കമ്പനി മന്ത്രിക്ക് നല്‍കി. 

കടലിനോട് ചേര്‍ന്നുള്ള റോഡ് ആയതിനാല്‍ നിരന്തരമായ കടല്‍ക്ഷോഭത്തിലാണ് ഇവിടെ റോഡ് തകരുന്നത്. സംരക്ഷണ ഭിത്തി ഒരുക്കുന്ന നടപടിയാണ് നിലവില്‍ പുരോഗമിക്കുന്നത്. ഈ പണി പൂര്‍ത്തിയായ ശേഷം മാത്രമാകും റോഡ് പണി നടക്കുക. മന്ത്രി വിളിച്ച യോഗത്തിൽ മരാമത്ത് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ചീഫ് എൻജിനീയറും പങ്കെടുത്ത സമയത്ത് കരാര്‍ കമ്പനി അയച്ചത് ജൂനിയര്‍ ഉദ്യോഗസ്ഥനേയാണ്.


റോഡ് തകരാർ: ജലസേചന വകുപ്പിനെ കുറ്റപ്പെടുത്തി മന്ത്രി റിയാസ്, എതിർക്കാതെ റോഷി അഗസ്റ്റിൻ
നിർത്താതെ പെയ്യുന്ന മഴയാണ് റോഡ് നന്നാക്കുന്നതിൽ പ്രധാന തടസമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതിക്കു വേണ്ടി പൊളിക്കുന്ന റോഡുകൾ പിന്നീട് നന്നാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ ഉത്തരവാദിത്തം കാണിക്കുന്നില്ല. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ലെന്നും ഇന്നലെ കോടതിയുടെ വിമർശനത്തിൽ ഉണ്ടായ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലത്തും റോഡ് നിർമ്മാണ പ്രവർത്തി നടത്താവുന്ന പുതിയ സാങ്കേതിക വിദ്യ കണ്ടത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികളെ അള്ളുവക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ ജനങ്ങൾ നേരിടുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു

വടകര റസ്റ്റ് ഹൗസിൽ മന്ത്രി റിയാസിന്റെ മിന്നൽ പരിശോധന, മദ്യക്കുപ്പികൾ കണ്ടെത്തി
നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പിന് കീഴിലെ വടകര റസ്റ്റ് ഹൗസിൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യകുപ്പികളും കാണാനിടയായെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർക്ക് മന്ത്രി നിർദ്ദേശം നൽകി.

അരക്കോടി മുടക്കി വ്യവസായ പ്രമുഖന്റെ വീടിന് 'പിഡബ്ല്യൂഡി മതിൽ', ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ലക്കിടിയില്‍ ദേശീയപാത നവീകരണത്തില്‍ സ്വകാര്യവ്യക്തിക്ക് സഹാകരമാകും വിധം നടപടി സ്വീകരിച്ച പൊതുമരാമത്ത്  അസി. എന്‍ജിനീയര്‍ക്കും ഓവര്‍സിയര്‍ക്കുമെതിരെ നടപടി. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തു. ഇത് ഏഷ്യാനെറ്റ് ന്യൂസ്  വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശരിവച്ച് ചീഫ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട്. വിശദ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ പിഡബ്ല്യുഡി വിജിലന്‍സിന് നിര്‍ദേശം നല്‍കി. ദേശീയപാത-766, വയനാട് ജില്ലയിലെ ലക്കിടി റോഡ് നവീകരണത്തിന് സ്വകാര്യ വ്യക്തിക്ക്  സഹായകരമാകും വിധം സംരക്ഷണഭിത്തി നിര്‍മ്മിച്ചെന്ന് ചീഫ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ദേശീയപാത വിഭാഗം കൊടുവള്ളി സബ്ഡിവിഷനിലെ അസിസ്റ്റന്റ് എന്‍ജിനീയറേയും ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയറേയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുവാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.
 

click me!