
ആലപ്പുഴ: ഹൃദ്യം പദ്ധതിയില്‍ രജിസ്ട്രേഷന്‍ നടത്തി ഒരു മാസം കഴിഞ്ഞിട്ടും മറുപടിയില്ലെന്ന പരാതിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അടിയന്തര ഇടപെടല്‍. ആലപ്പുഴയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദ്ദനത്തിനിരയായ കുട്ടിയെ സന്ദര്‍ശിച്ചശേഷം മന്ത്രി പങ്കുവെച്ച കുറിപ്പിന് താഴെയാണ് ഹൃദ്യം പദ്ധതിയില്‍ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് രക്ഷിതാവായ പ്രകാശ് പങ്കുവെച്ചത്. അദ്ദേഹം നേരിട്ട ബുദ്ധിമുട്ടില്‍ മന്ത്രി ഖേദം അറിയിക്കുകയും സത്വര നടപടിയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
'മാഡം ഇതുപോലെ ഒരു മോള്‍ എനിക്കും ഉണ്ട് ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2020ല്‍ ആദ്യത്തെ സര്‍ജറി ലിസി ഹോസ്പിറ്റലില്‍ ചെയ്തു. ഇപ്പോള്‍ ലിസി ഹൃദ്യത്തില്‍ നിന്നും ഒഴിവായപ്പോള്‍ അമൃതയിലാണ് കാണിക്കുന്നത്. ഇപ്പോള്‍ അവിടെത്തെ ഡോക്ടമാര്‍ പറയുന്നത് ഉടനെ കാത്ത് ചെയ്ണമെന്നാണ്. ഞാന്‍ പാലക്കാട് ഹൃദ്യത്തില്‍ കാത്തിനുള്ള രജിസ്ട്രേഷന്‍ ചെയ്തിട്ട് ഒരു മാസമായി. അവര്‍ ഉടനെ റെഡി ആവും എന്നു പറയുന്നതല്ലാതെ വെറെ ഒന്നും പറയുന്നില്ല. ഡോക്ടര്‍മാര്‍ പറയുന്നത് ഉടനെ കാത്ത് ചെയ്യണമെന്നാണ്. മാഡത്തിന് ഇതില്‍ ഒന്നു ഇടപ്പെടാന്‍ സാധിക്കുമോ.' എന്നായിരുന്നു പ്രകാശിന്റെ കമന്റ്.
ഉടന്‍ തന്നെ മന്ത്രി അദ്ദേഹത്തിന് മറുപടി നല്‍കി. 'സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അങ്ങയെ കോണ്‍ടാക്ട് ചെയ്യും. അങ്ങേയ്ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം അറിയിക്കുന്നു. ലിസി ഹോസ്പിറ്റല്‍ നിലവില്‍ ഹൃദ്യം എംപാനല്‍ഡ് തന്നെയാണ്. എന്താണ് ഉണ്ടായതെന്ന് പരിശോധിച്ചു പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്' തുടര്‍ന്ന് മന്ത്രി ഹൃദ്യം സ്റ്റേറ്റ് നോഡല്‍ ഓഫീസറെ വിളിച്ച് അടിയന്തരമായി ഇടപെടാന്‍ നിര്‍ദേശം നല്‍കി. അല്‍പസമയത്തിനുള്ളില്‍ പ്രകാശിന്റെ മറുപടി വന്നു. 'മാഡം വളരെയധികം നന്ദി. പാലക്കാട് നോഡല്‍ ഓഫീസര്‍ വിളിച്ചിട്ടുണ്ടായിരുന്നു. ചൊവ്വാഴ്ച്ച തന്നെ അപ്പോയ്ന്റ്‌മെന്റ് തരുകയും ചെയ്തു. നന്ദി മാഡം. ജീവിതത്തില്‍ മറക്കില്ല മാഡത്തിനെയും ഈ ഗവണ്‍മെന്റിനെയും.'
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam