ദുരിതമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിന് പ്രത്യേക സര്‍വേ; ദൗത്യം എല്ലാവരും ഏറ്റെടുക്കണമെന്ന് മന്ത്രി ശൈലജ

Published : Jun 03, 2019, 12:46 AM ISTUpdated : Jun 03, 2019, 01:40 AM IST
ദുരിതമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിന് പ്രത്യേക സര്‍വേ; ദൗത്യം എല്ലാവരും ഏറ്റെടുക്കണമെന്ന് മന്ത്രി ശൈലജ

Synopsis

യുവ എഴുത്തുകാരി ഷെമി റോയല്‍റ്റിയായി കിട്ടിയ 2 ലക്ഷം രൂപ ബാലനിധിയിലേക്ക് സംഭാവന നല്‍കി

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള ചരിത്രപരമായ ദൗത്യം എല്ലാവരും ഏറ്റെടുക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നല്ലൊരു ശതമാനം കുട്ടികളും സ്വന്തം കുടുംബത്തില്‍ നിന്നാണ് ദുരിതങ്ങള്‍ അനുഭവിക്കുന്നത്. കൂട്ടായ്മയിലൂടെ മാത്രമേ കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാനാകൂ. ഇതിനായി വനിത ശിശുവികസന വകുപ്പ് മറ്റ് വിഭാഗങ്ങളുമായി സഹകരിച്ച് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ 1 ഗ്ലോബല്‍ പാരന്റിംഗ് ഡേ മുതല്‍ നവംബര്‍ 14 ചില്‍ഡ്രന്‍സ് ഡേ വരെ സംഘടിപ്പിക്കുന്ന 'കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കായി' എന്ന മെഗാ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

ദുരിതമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിന് അംഗന്‍വാടികള്‍ മുഖേന ജൂണ്‍, ജൂലായ് മാസങ്ങളില്‍ പ്രത്യേക സര്‍വേ നടത്തുന്നതാണെന്നും മന്ത്രി പറഞ്ഞു. വളരെയധികം സമയം ചെലവഴിക്കുന്നത് സ്‌കൂളുകളായതിനാല്‍ കുട്ടികളുടെ മാനസിക ശാരീരിക പ്രയാസങ്ങള്‍ അധ്യാപകര്‍ തിരിച്ചറിയണം. അധ്യാപകര്‍ക്ക് കുട്ടികളുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയണം. സാമൂഹ്യ പ്രതിബദ്ധതയോടെ കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കഴിയണം.

തൊടുപുഴയിലും എറണാകുളത്തും ക്രൂരമര്‍ദനത്തെ തുടര്‍ന്ന് കുട്ടികള്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ എന്തുചെയ്യാന്‍ കഴിയും എന്നാലോചിച്ചത്. വനിത ശിശുവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, ശിശുക്ഷേമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഒത്തുകൂടി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ മെഗാ ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായാണ് 2017 അവസാനത്തില്‍ വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചത്. ഇതിലൂടെ സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തില്‍ വളരെയധികം ഇടപെടലുകള്‍ നടത്തുവാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വലിയ അതിക്രമമാണ് നടന്നു വരുന്നത്. സമൂഹത്തിന്റെ ജീര്‍ണതയില്‍ നിന്നാണ് പലപ്പോഴും ഇവര്‍ക്ക് നേരെ അതിക്രങ്ങള്‍ ഉണ്ടാകുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മയക്കുമരുന്നുകളും നവമാധ്യമങ്ങളുടെ ദുരുപയോഗവും എല്ലാം ഇത്തരം അതിക്രമത്തിന് കാരണമാകാറുണ്ട്. ഇവയെല്ലാം ദൂരീകരിക്കാന്‍ യാന്ത്രികമായി സമീപിച്ചിട്ട് കാര്യമില്ല. വിശാലമായ കാഴ്ചപ്പാടോടെ ഇത് പരിഹരിക്കാനായാണ് അഞ്ചരമാസത്തോളം നീണ്ടുനില്‍ക്കുന്ന ഇത്തരമൊരു വലിയ പരിപാടി സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, യൂണിസെഫ് കേരള, തമിഴ്‌നാട് ചീഫ് ഡോ. പിനോക്കി ചക്രവര്‍ത്തി, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. മൃദുല ഈപ്പന്‍, ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സുരേഷ്, ഐ.സി.പി.എസ്. പ്രോഗ്രാം മാനേജര്‍ സുന്ദരി സി. എന്നിവര്‍ പങ്കെടുത്തു. യുവ എഴുത്തുകാരി ഷെമി റോയല്‍റ്റിയായി കിട്ടിയ 2 ലക്ഷം രൂപ ബാലനിധിയിലേക്ക് സംഭാവന നല്‍കി.

ഉദ്ഘാടന ശേഷം റെസ്‌പോണ്‍സിബിള്‍ പാരന്റിംഗ് എന്ന വിഷയത്തില്‍ മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ്, ആരോഗ്യ പൂര്‍ണമായ ബാല്യം - രക്ഷിതാക്കളുടെ ചുമതലകള്‍ എന്ന വിഷയത്തില്‍ എസ്.എ.ടി. ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ. കെ.ഇ. എലിസബത്ത്, സോഷ്യല്‍ മീഡിയ - കുട്ടികളുടെ അമിത താത്പര്യം മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് എന്ന വിഷയത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ. സഞ്ജയ് കുമാര്‍, കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളേയും പരിഹാരങ്ങളേയും പറ്റി ബോധിനിയുടെ റീന സാബിന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് തുറന്ന ചര്‍ച്ചയും നടന്നു. സംസ്ഥാനതല പരിപാടിയോടൊപ്പം തന്നെ എല്ലാ ജില്ലകളിലും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് റെസ്‌പോണ്‍സിബിള്‍ പാരന്റിംഗ് എന്ന വിഷയം സംബന്ധിച്ച് സെമിനാറുകളും സംഘടിപ്പിച്ചു.

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ