തൃശൂരിലെ റോഡ് വികസനം; സ്പീഡ് പോസ്‌റ്റോഫീസ് കെട്ടിടം പൊളിച്ച് നീക്കുമെന്ന് മേയര്‍

By Web TeamFirst Published Jun 3, 2019, 12:00 AM IST
Highlights

പോസ്‌റ്റോഫീസിനു പ്രവര്‍ത്തിക്കാന്‍ പട്ടാളം റോഡില്‍ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ കോര്‍പറേഷന്‍ രജിസ്റ്റര്‍ ചെയ്തു നല്‍കിയ പകരം ഭൂമിയില്‍ എട്ടു മാസത്തിനകം 3,500 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മിച്ചു നല്‍കുമെന്നും മേയര്‍ വ്യക്തമാക്കി

തൃശൂര്‍: കാലം കുറേയായി തൃശൂരിലെ പട്ടാളം റോഡ് വികസനവും കുപ്പിക്കഴുത്ത് പൊട്ടിക്കലും കേള്‍ക്കാന്‍ തുടങ്ങിയിട്ട്്. ഇനിയതങ്ങ് നീണ്ട് പോകില്ല. എംഒ റോഡില്‍ നിന്ന് ശക്തനിലേക്കുള്ള പട്ടാളം റോഡിലെ കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയ റോഡ് വീതികൂട്ടാന്‍ സ്പീഡ് പോസ്‌റ്റോഫീസ് കെട്ടിടം ഈമാസം പൊളിച്ചുനീക്കുമെന്ന് മേയര്‍ അജിത വിജയന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

പട്ടാളം റോഡ് വികസനത്തിന് പോസ്‌റ്റോഫീസിന്റെ 16.5 സെന്റെ ഭൂമി തൃശൂര്‍ കോര്‍പറേഷന് കൈമാറി. പോസ്‌റ്റോഫീസിനായി അത്രയും സ്ഥലം കോര്‍പറേഷന്‍ രാഷ്ട്രപതിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുകയും ചെയ്തു. നിലവില്‍ ആ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പീഡ് പോസ്‌റ്റോഫീസ് കോര്‍പറേഷന്‍ ഓഫീസിനു തോട്ടരികിലെ മൊത്തവ്യാപാര സഹകരണസംഘം സ്‌റ്റോര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്കു മാറ്റാനുള്ള നടപടി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. പഴയ പട്ടാളം റോഡിന്റെ കവാടത്തില്‍ കുപ്പിക്കഴുത്തായി നിലകൊള്ളുന്ന പോസ്‌റ്റോഫീസ് കെട്ടിടം പാളിച്ചുനീക്കി റോഡ് വികസനത്തിനുള്ള നടപടികള്‍ ജൂണില്‍ അടുത്തുതന്നെ തുടങ്ങുകയും ചെയ്യും.

പോസ്‌റ്റോഫീസിനു പ്രവര്‍ത്തിക്കാന്‍ പട്ടാളം റോഡില്‍ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ കോര്‍പറേഷന്‍ രജിസ്റ്റര്‍ ചെയ്തു നല്‍കിയ പകരം ഭൂമിയില്‍ എട്ടു മാസത്തിനകം 3,500 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മിച്ചു നല്‍കുമെന്നും മേയര്‍ വ്യക്തമാക്കി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന പ്ലാന്‍ അനുസരിച്ചായിരിക്കും കെട്ടിടം നിര്‍മിച്ചുനല്‍കുക. രജിസ്റ്റര്‍ ചെയ്തു കിട്ടിയ പോസ്‌റ്റോഫീസ് കെട്ടിടത്തിനു മുന്നില്‍ കോര്‍പറേഷന്‍ വക സ്ഥലമെന്നു ബോര്‍ഡ് സ്ഥാപിച്ചു. തപാല്‍ വകുപ്പു സീനിയര്‍ സൂപ്രണ്ട് സുശീലനും കോര്‍പറേഷന്‍ സെക്രട്ടറി അനുജയുമാണ് ഒപ്പുവച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. 

തപാല്‍ സൂപ്രണ്ട് സുശീലന്‍ വിരമിക്കുന്ന ദിവസമായതിനാല്‍ 31ന് ഉച്ചയ്ക്കുശേഷമായിരുന്നു രജിസ്‌ട്രേഷന്‍ നടപടികള്‍. രജിസ്റ്റര്‍ ചെയ്തുകിട്ടിയ സ്ഥലത്തുനിന്ന് കോര്‍പറേഷന്‍ സൗജന്യമായി ഒരുക്കിയ സ്ഥലത്തേക്ക് ഉടനെ മാറണമെന്ന് ആവശ്യപ്പെട്ട് മേയര്‍ തപാല്‍ സൂപ്രണ്ടിന് കത്തു നല്‍കിയിരുന്നു. നാല്‍പതിലേറെ വര്‍ഷമായി നടത്തിയിരുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തുന്നത്.

click me!