അത്താണിയിൽ മന്ത്രിയുടെ കോലം റോഡിലെ കുഴിയിൽ കല്ലും മണ്ണുമിട്ട് മൂടി പ്രതിഷേധം; 3.5 കി.മീ ദൂരത്തിൽ 200 കുഴികളെന്ന് നാട്ടുകാർ

Published : Aug 17, 2025, 08:34 PM IST
potholes on road different protest

Synopsis

ദുരിത യാത്രയിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോലം റോഡിലെ കുഴിയിൽ മൂടി. മാസങ്ങൾക്കു മുമ്പ് നാട്ടുകാർ മന്ത്രിക്ക് നടുവൊടി പുരസ്കാരം സമർപ്പിച്ചിരുന്നു.

തൃശൂർ: തകർന്നടിഞ്ഞ അത്താണി - പൂമല റോഡിലെ ദുരിത യാത്രയിൽ പ്രതിഷേധവുമായി നാട്ടുകാർ. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോലം തകർന്ന റോഡിലെ കുഴിയിൽ മൂടിയായിരുന്നു ജനകീയ പ്രതിഷേധം. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ പൂമല ഡാമിലേക്കുള്ള പാതയിലാണ് വഴി തടഞ്ഞ് വേറിട്ട സമരവുമായി നാട്ടുകാർ രംഗത്തെത്തിയത്.

മാസങ്ങൾക്കു മുമ്പ് നാട്ടുകാർ മന്ത്രിക്ക് ഇതേ റോഡിൽ നടുവൊടി പുരസ്കാരം സമർപ്പിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സമരങ്ങൾ മുഖവിലക്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ കോലം റോഡിലെ കുഴിയിൽ ഇട്ട് മണ്ണും കല്ലുമിട്ട് മൂടിയതെന്ന് നാട്ടുകാർ പറഞ്ഞു. മൂന്നര കിലോമീറ്റർ ദൂരത്തിൽ 200ഓളം കുഴികൾ ഉള്ളതായി നാട്ടുകാർ പറയുന്നു. അത്താണി വഴി ചെപ്പാറ റോക്ക് ഗാർഡൻ, പൂമല ഡാം എന്നിവിടങ്ങളിലേക്കൊക്കെ നിരവധി വിനോദ സഞ്ചാരികൾ ഉൾപ്പെടെ ദിനംപ്രതി സഞ്ചരിക്കുന്ന പാത ഭൂരിഭാഗം സ്ഥലങ്ങളിലും ഭീമൻ ചെളിക്കുളങ്ങളായി മാറിക്കഴിഞ്ഞു. മഴ പെയ്ത് കുഴികളിൽ വെള്ളം നിറഞ്ഞാൽ ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ അപകടങ്ങളിൽ പെടുന്നതും നിത്യ സംഭവമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

അധികൃതർക്ക് പരാതികൾ നൽകി മടുത്തതോടെയാണ് വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ ഈ സമരവുമായി രംഗത്തെത്തിയത്. മന്ത്രിയുടെ കോലം റോഡിലെ കുഴിയിൽ ഇട്ട് കല്ലും മണ്ണുമിട്ട് മൂടിയ ശേഷമാണ് പ്രതിഷേധക്കാർ മടങ്ങിയത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസും സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധ സമരം ഡിസിസി സെക്രട്ടറി ജിജോ കുര്യൻ ഉദ്ഘാടനം ചെയ്തു. സി ടി പോൾ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസ്സി സാജൻ, ജോജോ കുര്യൻ, കെ ജെ ജെറി, ലിസി രാജു, ടി സി ഗിരീഷ്, ജിബി ജോസഫ്, ഓസി പരമൻ, ലീലാമണി ശങ്കരൻ എന്നിവർ സംസാരിച്ചു.

 

 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്