
കൽപ്പറ്റ: ചൂരല്‍മല - മുണ്ടക്കൈ ദുരന്തബാധിതരെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്ന മന്ത്രിസഭാ ഉപസമിതി അഭ്യര്‍ത്ഥിച്ചു. ക്യാമ്പുകളിൽ താമസിക്കുന്നവരുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാകരുത്. വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്. അവരുടെ മനോനില കണക്കിലെടുക്കണമെന്നും മന്ത്രിമാര്‍ പറഞ്ഞു.
ക്യാമ്പുകള്‍ സർക്കാരിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. നോഡൽ ഓഫീസറെയും മറ്റ് ആവശ്യമായ ഉദ്യോഗസ്ഥരെയും വൈദ്യസംഘങ്ങളേയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷണം, ആരോഗ്യം, വൃത്തി എന്നീ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ക്യാമ്പിലേക്കാവശ്യമായ എല്ലാ സാധനങ്ങളും ലഭ്യമാണ്.
പതിനാല് മൃതദേഹങ്ങളാണ് വെള്ളിയാഴ്ച്ച ലഭിച്ചതെന്ന് മന്ത്രിമാര്‍ സ്ഥിരീകരിച്ചു. മുണ്ടക്കൈ ഒന്ന്, വെള്ളാര്‍മല സ്കൂള്‍ പരിസരം എട്ട്, വില്ലേജ് ഓഫീസ് പരിസരം രണ്ട്, മലപ്പുറം എടക്കര രണ്ട്, നിലമ്പൂര്‍ ഒന്ന് എന്നിങ്ങനെയാണ് ലഭിച്ച മൃതദേഹങ്ങള്‍. 210 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. 85 സ്ത്രീകളും 96 പുരുഷന്‍മാരും 29 കുട്ടികളും അടങ്ങുന്നതാണിത്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശം തയാറാക്കിയിട്ടുണ്ട്.
ഇതിന് കല്‍പ്പറ്റ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് എടവക, മുള്ളന്‍കൊല്ലി എന്നിവിടങ്ങളിലെ പൊതു ശ്മശാനങ്ങളിൽ സൗകര്യമൊരുക്കും. ശരീരഭാഗങ്ങളും മൃതദേഹം സംസ്‌കരിക്കുന്ന രീതിയില്‍ തന്നെ സംസ്‌കരിക്കും. റഡാറും ഡ്രോണും ഉപയോഗിച്ചുള്ള സർവെ 60 ശതമാനം പിന്നിട്ടതായും മന്ത്രിമാര്‍ അറിയിച്ചു.
ദുരന്തത്തിനിരയായ 707 കുടുംബങ്ങളിലെ 2597 പേര്‍ 17 ക്യാമ്പുകളിലായി താമസിക്കുന്നുണ്ട്. ക്യാമ്പുകളിലെ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ ക്യാമ്പുകള്‍ ആരംഭിക്കും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ എ.കെ ശശീന്ദ്രന്‍, പി.എ മുഹമ്മദ് റിയാസ്, ഒ. ആര്‍ കേളു എന്നിവരും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയും പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam