
ആലപ്പുഴ: ആറാട്ടുപുഴ വലിയഴീക്കല്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ബീച്ചിന് സമീപമുള്ള തറയില്‍ കടവ് ഫിഷറീസ് ആശുപത്രിക്ക് സമീപത്തെ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാവേലിക്കര ബിഷപ് ഹോഡ്ജസ് സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, മാന്നാര്‍ കുട്ടംപേരൂര്‍ കുമരംമ്പള്ളില്‍ ശ്രീകുമാറിന്‍റെ മകന്‍ വിശ്വജിത്തി(16)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെ കൂട്ടുകാരുമായി കുളിക്കാനെത്തിയതാണ് വിശ്വജിത്ത്. കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍ പെട്ട് കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികള്‍ കായംകുളം പൊലീസ് സ്റ്റേഷനില്‍ എത്തി വിവരമറിയിച്ചതോടെ വിശ്വജത്തിനായി തിരച്ചില്‍ ആരംഭിച്ചു. വിശ്വജിത്തിനായി നേവി ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് പ്രതികൂലമായ കാലാവസ്ഥയില്‍ ചൊവ്വാഴ്ച വൈകിട്ടോടെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു.
ഇന്ന് ഉച്ചയോടെ തറയില്‍ക്കടവില്‍ ഭാഗത്ത് പാറകളോട് ചേര്‍ന്ന് മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള റവന്യു അധികൃതര്‍ സ്ഥലത്തെത്തി. തൃക്കുന്നപ്പുഴ എസ് ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam