കാണാതായ റിസോര്‍ട്ട് ജീവനക്കാരന്‍റെ ബൈക്കും ചെരിപ്പും പുഴയോരത്ത് കണ്ടെത്തി; യുവാവിനായി തെരച്ചില്‍

By Web TeamFirst Published Aug 23, 2021, 7:27 PM IST
Highlights

കഴിഞ്ഞ 20ന് റിസോർട്ടിലെ പണി കഴിഞ്ഞ് രാത്രി 12 മണിയോടെ മടങ്ങിയ യുവാവ് വീട്ടിൽ എത്തിയിരുന്നില്ല. തൊട്ടടുത്ത ദിവസം ജോലിക്ക് എത്താത്തതിനെ തുടർന്ന് റിസോർട്ട് അധികൃതർ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും  ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു.

ഇടുക്കി: മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ റിസോര്‍ട്ട് ജീവനക്കാരന്‍റെ ബൈക്ക് പുഴയുടെ തീരത്ത് നിന്ന് കണ്ടെത്തി. ലോക്കാട് എസ്റേററ്റ് ഫാക്ടറി ഡിവിഷൻ സ്വദേശിയായ ശരവണനെ ആണ് കാണാതായത്. പോതമേട്ടിലെ ഒരു റിസോർട്ടിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ 20ന് റിസോർട്ടിലെ പണി കഴിഞ്ഞ് രാത്രി 12 മണിയോടെ മടങ്ങിയ യുവാവ് വീട്ടിൽ എത്തിയിരുന്നില്ല.

തൊട്ടടുത്ത ദിവസം ജോലിക്ക് എത്താത്തതിനെ തുടർന്ന് റിസോർട്ട് അധികൃതർ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും  ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. തുടർന്ന് റിസോർട്ട് ജീവനക്കാർ ബന്ധുക്കളെ വിളിച്ച് കാര്യം അറിയിച്ചപ്പോഴാണ് യുവാവിനെ കാണാനില്ലെന്ന വിവരം അറിയുന്നത്.

ഇതേ തുടർന്ന് യുവാവിനെ മൂന്നാർ ടൗണിലും എത്താനിടയുള്ള സ്ഥലങ്ങളിലുമെല്ലാം ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടു ദിവസമായിട്ടും യുവാവിനെ കണ്ടെത്തുവാൻ കഴിയാതെ വന്നതോടെ റിസോര്‍ട്ട് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടയ്ക്കാണ്  ഹെഡ് വർക്സ് ഡാമിന്‍റെ ഭാഗവും ഹൈറേഞ്ച് ക്ലബിന്‍റെ സമീപത്തുമുള്ള പുഴയുടെ തീരത്തായി ഒരു ബൈക്കും ചെരിപ്പും അസ്വാഭാവിക നിലയിൽ കണ്ടെത്തിയത് നാട്ടുകാർ പൊലീസിൽ അറിയിച്ചത്.

ഇത് കാണാതായ യുവാവിന്‍റേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പുഴ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുവാൻ തീരുമാനിച്ചത്. പുഴയിൽ തെരച്ചിൽ നടത്തുവാൻ അഗ്നിശമന സേനയുമായി ബന്ധപ്പെടുകയും ചെയ്തു. ഇതിനെ തുടർന്നാണ് അഗ്നി ശനമ സേനാംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്യത്തിൽ പുഴയിൽ തെരച്ചിൽ ആരംഭിച്ചത്. കനത്ത മഴയെ അവഗണിച്ചാണ് തെരച്ചിൽ തുടരുന്നത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാര്യമുണ്ടായിട്ടില്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!