ഫേസ്ബുക്ക് പ്രേമം, ഒളിച്ചോട്ടം, പിണങ്ങിയിറങ്ങിയപ്പോള്‍ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്ക് 'പണി' കൊടുത്ത് യുവതി

By Web TeamFirst Published Sep 1, 2021, 8:20 AM IST
Highlights

ഒരുമിച്ച് താമസം തുടങ്ങിയതോടെയാണ് പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാത്ത യുവാവിന്‍റെ വീട്ടിലെ പരിതാപകരമായ അവസ്ഥ യുവതി മനസിലാക്കിയത്. ഇതാണ് പിണക്കത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. 

തിരുവനന്തപുരം: ഫേസ്ബുക്ക് പ്രേമത്തിനൊടുവില്‍ വീട്ടുകാരറിയാതെ ഒളിച്ചോടി വിവാഹം കഴിച്ചു. ഒടുവില്‍ നാല് മാസത്തെ താമസത്തിനൊടുവിൻ ഭർത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി നാട്ടുകാരെയും പൊലീസിനെയും ചുറ്റിച്ചത് മണിക്കൂറുകളോളം. വീടുവിട്ടിറങ്ങിയ യുവതി  ഭര്‍ത്താവിന്‍റെ വീട്ടുകാരെ വിറപ്പിക്കാൻ കാണിച്ച അതിബുദ്ധിയാണ് പൊലീസുകാരെയും ഭര്‍ത്താവിന്‍റെ വീട്ടുകാരെയും  നാട്ടുകാരെയും ഒരുദിവസം മുഴുവൻ വെള്ളം കുടിപ്പിച്ചത്.

പോത്തൻകോട് സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് ചൊവ്വരഅടി മലത്തുറ സ്വദേശിയായ ഇരുപതുകാരനൊപ്പം ഫേസ്ബുക്ക് പ്രേമത്തിനൊടുവില്‌ ഒളിച്ചോടിയത്. ഇക്കഴിഞ്ഞ മാർച്ചിലാണ് യുവതി യുവാവിനൊപ്പം ഒളിച്ചോടിയത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് അന്ന് കേസെടുത്ത പോത്തൻകോട് പൊലീസ് ഇരുവരെയും കണ്ടെത്തി. എന്നാൽ യുവാവിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവിനൊപ്പം വിടുകയായിരുന്നു.

ഒരുമിച്ച് താമസം തുടങ്ങിയതോടെയാണ് പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാത്ത യുവാവിന്‍റെ വീട്ടിലെ പരിതാപകരമായ അവസ്ഥ യുവതി മനസിലാക്കിയത്. ഇതാണ് പിണക്കത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. ഇന്നലെ പുലർച്ചെ ആറ് മണിയോടെ വീട് വിട്ട്  പുറത്തിറങ്ങിയ യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ തിരക്കിയിറങ്ങിതോടെയാണ് നാടകീയ സംഭവങ്ങളരങ്ങേറിയത്. വീടിന്‍റെ പുറകിൽ കീറിയ വസ്ത്രങ്ങളും രക്തക്കറയും കണ്ടതോടെ വീട്ടുകാർ ഞെട്ടി. 

സ്വന്തം വസ്ത്രങ്ങൾ കീറി വീടിന് പുറകിലെ കുറ്റിക്കാട്ടിൽ എറിഞ്ഞ ശേഷം, തന്നെ അപായപ്പെടുത്തിയതെന്ന് വരുത്താൻ പരിസരത്ത് ചുവന്ന നെയില്‍ പോളീഷ് ഒഴിച്ച ശേഷമാണ്  യുവതി വീടുവിട്ടിറങ്ങിയത്. മരുമകളെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് വീടിന് പരിസരത്ത് 'ചോരക്കറ' കണ്ടത്. വിവരമറിഞ്ഞ് ഫോർട്ട് അസിസ്റ്റന്‍റ് കമ്മിഷണർ ഷാജി, കോവളം സി.ഐ. പ്രൈജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘവും ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദരും, സയന്‍റിഫിക് എക്സ്പർട്ടും സ്ഥലത്തെത്തി. 

പരിസരത്തെ കുറ്റിക്കാടുകളും തെങ്ങിൽ തോപ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പൊലീസും നാട്ടുകാരും അരിച്ച് പെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഒടുവിൽ മേഖലയിലെ സി.സി.ടി.വികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യുവതി നടന്നു പോകുന്ന വീഡിയോ ലഭിച്ചെങ്കിലും യുവതിയെ തിരിച്ചറിയാനായില്ല.  പൊലീസ് തിരയുന്നതിനിടയിൽ യുവതി വാഹനത്തിൽ കയറി വലിയതുറയിലെ ഒരു പള്ളിയിൽ എത്തി. സംശയം തോന്നിയ നാട്ടുകാര്‍ വിവരമറിയിച്ചതിനനുസരിച്ച് പോലീസ് എത്തി ഉച്ചയോടെ വലിയതുറ സ്റ്റേഷൻ പരിധിയിൽ നിന്ന് യുവതിയെ കണ്ടെത്തി.  ഇതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് വിരാമമായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!