തല മുണ്ഡനം ചെയ്താല്‍ പളനിക്ക് പോകാമല്ലോ; സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അധിക്ഷേപിച്ച് കെ ടി ജലീല്‍

Published : Mar 17, 2022, 03:07 PM IST
തല മുണ്ഡനം ചെയ്താല്‍ പളനിക്ക് പോകാമല്ലോ; സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അധിക്ഷേപിച്ച് കെ ടി ജലീല്‍

Synopsis

കഴിഞ്ഞ നാല് ദിവസമായി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരത്തിലാണ്. നേരത്തെ മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ 90 ദിവസം നടത്തിവന്ന സമരമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്. ആദ്യ ദിവസം ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞാണ് പ്രതിഷേധം നടത്തിയത്. ഇതിന്റെ തുടര്‍ പ്രതിഷേധമായാണ് തല മുണ്ഡനം ചെയ്തത്. 

മലപ്പുറം: സെക്രട്ടേറിയറ്റിനു മുന്നില്‍ തല മുണ്ഡനം ചെയ്ത് മലപ്പുറത്തെ എല്‍പി സ്‌കൂള്‍ ടീച്ചേഴ്‌സ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം. കെടി ജലീല്‍ എംഎല്‍എ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. തല മുണ്ഡനം ചെയ്താല്‍ പളനിക്ക് പോകാമെന്ന് എംഎല്‍എ പറഞ്ഞു എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി. കഴിഞ്ഞ നാല് ദിവസമായി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരത്തിലാണ്. നേരത്തെ മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ 90 ദിവസം നടത്തിവന്ന സമരമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്. ആദ്യ ദിവസം ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞാണ് പ്രതിഷേധം നടത്തിയത്. ഇതിന്റെ തുടര്‍ പ്രതിഷേധമായാണ് തല മുണ്ഡനം ചെയ്തത്. 

കഴിഞ്ഞ ദിവസം മലപ്പുറത്തെ എംഎല്‍എ കൂടിയായ കെടി ജലീലിനെ ഇവര്‍ സന്ദര്‍ശിച്ചിരുന്നു. തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധ പരിപാടികളെപ്പറ്റി അറിയിച്ചപ്പോള്‍ 'തല മുണ്ഡനം ചെയ്താല്‍ പളനിക്ക് പോകാമല്ലോ' എന്ന് പറഞ്ഞ് ജലീല്‍ അധിക്ഷേപിച്ചു എന്ന് ഇവര്‍ ആരോപിക്കുന്നു. നിലവില്‍ പി എസ് സി 997 പേരുടെ മുഖ്യപട്ടിക മാനദണ്ഡങ്ങള്‍ പാലിച്ച് വിപൂലീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇതുവരെ വിഷയത്തില്‍ ഒരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് 90 ശതമാനം അടങ്ങുന്ന വനിതാ ഉദ്യോഗാര്‍ഥികള്‍ മരണം വരെ സമരം  തുടങ്ങിയത്. ലിസ്റ്റ് വരുന്നതിന് മുമ്പ് തന്നെ പരാതിയുമായി ഉദ്യോഗാര്‍ഥികള്‍ രംഗത്തുവന്നിരുന്നു. പി എസ് സി ചെയര്‍മാനടക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് സമരവുമായി രംഗത്തു വന്നത്.

'മുഖ്യമന്ത്രിയോട് സമരപരിപാടിയെപ്പറ്റി പറഞ്ഞപ്പോള്‍, 'സമരം നിങ്ങളുടെ അവകാശമാണ്. നിങ്ങള്‍ ചെയ്‌തോ' എന്നാണ് പറഞ്ഞത്. ഭരണപക്ഷത്തുള്ള എംഎല്‍എയെ പോയി കണ്ടപ്പോള്‍ ഞങ്ങളോട് ചോദിച്ചത്, 'നിങ്ങളോട് ആരുപറഞ്ഞു സമരത്തിനിറങ്ങാന്‍?' എന്നാണ്. ഞങ്ങള്‍ സമരം കണ്ടിട്ടില്ല. ആദ്യമായാണ് സമരത്തിനിറങ്ങുന്നത്. എല്ലാവരെപ്പോലെ ഒരു സര്‍ക്കാര്‍ ജോലി ഞങ്ങള്‍ ആഗ്രഹിച്ചു. യാതൊരു മാനദണ്ഢവും പാലിക്കാതെ മലപ്പുറത്ത് ലിസ്റ്റ് ചുരുക്കി. ചെയ്തത് ശരിയെന്നോ തെറ്റെന്നോ പറയണം. ഇനി ഞങ്ങളെന്താ ചെയ്യേണ്ടത്. ഞങ്ങള്‍ തിരഞ്ഞെടുത്ത ജനാധിപത്യ സര്‍ക്കാരിനെ ഞങ്ങള്‍ വിശ്വസിച്ചു. എത്ര വനിതാ മന്ത്രിമാരുണ്ട് നിയമസഭയില്‍. ഒരു മന്ത്രി തിരിഞ്ഞുനോക്കിയോ?' ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു.

'ഇത് ഞങ്ങളുടെ അവസാന അവസരം'

സമര മുഖത്തുള്ള ആരിഫക്കും മഞ്ജുഷക്കും ഷൈന വടകരക്കും വളര്‍മതിക്കും രേഖ രതിഷിനും ഇത് നിലനില്‍പ്പിനുള്ള പോരാട്ടമാണ്. പ്രായപരിധി കഴിഞ്ഞതോടെ ഇനി പി എസ് സി മത്സര പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാത്ത ഇവര്‍ റാങ്ക് പട്ടികയില്‍ ഇടം പിടിച്ചവരാണ്. ആലപ്പുഴ ജില്ലക്കാരിയാണ് മഞ്ജുഷ. നിലവില്‍ ആലപ്പുഴ ജില്ലയില്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചാലും നിയമനം നടക്കാത്തതിനാലാണ് മലപ്പുറം ജില്ലയില്‍ പരീക്ഷക്കെത്തിയത്. റാങ്ക് പട്ടികയില്‍ ഇടംപിടിച്ചിട്ടും നിയമനം ലഭിക്കാതായതോടെ ഇവര്‍ ദുരിതത്തിലാണ്. താത്കാലിക അധ്യാപികയായി പല സ്‌കൂളിലും ജോലിചെയത ഇവര്‍ നേരത്തെ റെയില്‍വേയും ലിസ്റ്റിലും ഇടം പിടിച്ചുവെങ്കിലും നിയമനമാകാതെ ലിസ്റ്റ് റദ്ദ് ചെയ്യുകയാണുണ്ടായത്. രണ്ട് മക്കളുടെ അമ്മയായ ഇവര്‍ സര്‍ക്കാറിന്റെ കനിവിനായി കാത്തിരിപ്പിലാണ്.

കൊടിഞ്ഞിയിലുള്ള ആരിഫക്കും പറയാനുള്ളത് നിയമനത്തിലെ കാലതാമസത്തെ കുറിച്ചാണ്. മലപ്പുറം ജില്ലയില്‍ പരീക്ഷയെഴുതിയതാണ് അബദ്ധമായിപ്പോയതെന്ന് ഇവര്‍ പറയുന്നു. മറ്റുള്ള ജില്ലകളില്‍ കട്ട്ഓഫ് മാര്‍ക്ക് മലപ്പുറത്തിനെക്കാളും കുറവാണ്. മലപ്പുറത്ത് പരീക്ഷയെഴുതി ലഭിക്കുന്ന മാര്‍ക്കുണ്ടെങ്കില്‍ മറ്റ് ഏത് ജില്ലയിലായാലും നിയമനം ലഭിക്കുമായിരുന്നു. ഇത് അവസാനത്തെ പി എസ് സി പരീക്ഷയാണ്. പ്രായപരിധി കഴിഞ്ഞതിനാല്‍ ഇവര്‍ക്കിനി പരീക്ഷയെഴുതാനും കഴിയില്ല. നിലവില്‍ താത്കാലിക അധ്യാപികയായി ജോലി ചെയ്യുന്ന സ്‌കൂളിലെ ഈ വര്‍ഷത്തെ മൂന്നാമത്തെ അധ്യാപികയാണിവര്‍. ഈ അധ്യയന വര്‍ഷത്തില്‍ രണ്ട് അധ്യാപകരെ താത്കാലികമായി നിയമിച്ചെങ്കിലും ഇവര്‍ പോയതിന് ശേഷമാണ് ആരിഫക്ക് ജോലി കിട്ടുന്നത്. കേവലം ജോലിക്കപ്പുറം വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കേണ്ട പ്രൈമറി അധ്യാപക നിയമനം പൂര്‍ണമാകാത്തതിനാല്‍ വിദ്യാര്‍ഥികളും ദുരിതത്തിലാണെന്ന് ഇവര്‍ പറയുന്നു. മൂന്ന് അധ്യാപകര്‍ മാറിവന്നതോടെ രക്ഷിതാക്കളും ആശങ്കയിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം