
തൊടുപ്പുഴ: ആർദ്രം പദ്ധതിയുടെ ഭാഗമായി ഇടുക്കിയിലെ നാല് താലൂക്ക് ആശുപത്രികളിൽ ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പരിശോധന നടത്തി. എന്നാൽ എം എം മണിയുടെ മണ്ഡലത്തിലെ നെടുങ്കണ്ടം താലൂക്ക് ആശുപത്രി പുറത്തു നിന്ന് സന്ദർശിച്ച് മടങ്ങി. മുൻകൂട്ടി അറിയിക്കാത്തതിനെ തുടർന്ന്
എം എം മണിയും മറ്റ് എൽഡിഎഫ് നേതാക്കളും എത്താതിതരുന്നതാണ് സന്ദർശനം വെട്ടിച്ചുരുക്കാൻ കാരണം. ഇടുക്കിയിലെ അടിമാലി, കട്ടപ്പന എന്നീ താലൂക്ക് ആശുപത്രികൾ പരിശോധിച്ച ശേഷമാണ് ആരോഗ്യമന്ത്രി വീണ ജോർജ്ജും ഉദ്യോഗസ്ഥരും രണ്ടു മണിയോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിയത്.
അടിമാലിയിലും കട്ടപ്പനയിലും മൂക്കാൽ മണിക്കൂറിലധികം സമയമെടുത്ത് പരിശോധിച്ച മന്ത്രി പക്ഷേ നെടുങ്കണ്ടത്ത് ആശുപത്രിക്കുള്ളിൽ കയറിയില്ല. പുറത്തു നിന്ന് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം മടങ്ങി. മണ്ഡലത്തിലെ എം എൽ എ യായ എം എം മണി ഈ സമയം വട്ടവടയിൽ പരിപാടിയിലായിരുന്നു. മുൻകൂട്ടി കൃത്യമായ അറിയിപ്പ് ലഭിക്കാത്തതിനാലാണ് ആരോഗ്യമന്ത്രിയുടെ സന്ദർശന സമയത്ത് എം എം മണിക്ക് എത്താൻ കഴിയാതെ വന്നത്. എന്നാല്‍, തനിക്ക് മറവിയില്ലെന്നും സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. അടുത്തമാസം ഇടുക്കിയിലെത്തുമ്പോൾ എം എം മണിയോടൊപ്പം പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി, കോന്നി മെഡിക്കൽ കോളജുകളിൽ ജീവനക്കാരുടെ കുറവ് നികത്താൻ ആവശ്യത്തിനുള്ള തസ്തികകൾ ഉടൻ സൃഷ്ടിക്കുമെന്ന് പീരുമേട്ടിൽ നടന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. ഇടുക്കി മെഡിക്കൽ കോളജിൽ കാർഡിയോളജി വിഭാഗം തുടങ്ങാൻ പ്രഥമ പരിഗണന നൽകും. അടിമാലി, പീരുമേട് എന്നീ താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ് ഉടൻ തുടങ്ങാനും നിർദ്ദേശം നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam